മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയ ആറുപേര്‍ മരണമടഞ്ഞു

മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയ ആറുപേര്‍ വിവിധ സംഭവങ്ങളിലായി മരണമടഞ്ഞു. നാലുപേര്‍ ആലുവ പെരിയാറില്‍ മുങ്ങി മരിച്ചപ്പോള്‍ പെരുമ്പാവൂരിനടുരത്ത് കാഞ്ഞിരങ്ങാട്ട് ഉണ്ടായ അപകടത്തിലാണ് രണ്ടു പേര്‍ മരിച്ചത്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ രണ്ടു മൂന്നാര്‍ സ്വദേശികളും ഒരു മറയൂര്‍ കാരനും ഒരു തിരുപ്പതിക്കാരനുമാണ് മുങ്ങി മരിച്ചത്. അപകടത്തില്‍ പെട്ടത് തൊടുപുഴ സ്വദേശികളായിരുന്നു. ഇവരുടെ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു.
മൂന്നാര്‍ സ്വദേശികളായ സുരേഷ് (24) , രാജേഷ് (29) തിരുപ്പതി സ്വദേശി ജോസഫ് (15) മറയൂര്‍ സ്വദേശി അന്തോണി (31) എന്നിവരാണ് മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയപ്പോള്‍ ജോസഫ് ആദ്യം ഒഴൂക്കില്‍ പെട്ടു. ഇയാളെ രക്ഷിക്കാനായി ചാടിയ മറ്റ് മൂന്നുപേര്‍ പുറകേയും ഒഴുക്കില്‍ പെടുകയായിരുന്നു. ഇത് കണ്ടു കൊണ്ടു നിന്ന സ്‌ത്രീകളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ നാലുപേരുടേയും മൃതദേഹം കണ്ടെത്തി. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്‌റ്റുമാര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് നല്‍കും.
കാഞ്ഞിരങ്ങാട്ട് വെച്ചായിരുന്ന റോഡ് അപകടം. അപകടത്തില്‍ പെട്ടത് തൊടുപുഴ സ്വദേശികളാണ്. തൊടുപുഴ പുതുവന്നൂര്‍ കളത്തില്‍ ആന്റണിയാണ് മരണമടഞ്ഞത്. മരണമടഞ്ഞ മറ്റൊരാള്‍ ഒരു കുട്ടിയാണ്. നാലുപേര്‍ക്ക് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ആള്‍ക്കാര്‍ എത്തി കുട്ടിയെ പുറത്തെടുത്തപ്പോള്‍ തന്നെ മരണമടഞ്ഞിരുന്നു. ആന്റണിയെ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ വെച്ച് മരിച്ചു. മറ്റുള്ളവരെ സ്‌ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























