സമ്പൂര്‍ണ വൈദ്യുതീകരണത്തിലും വെളിച്ചമെത്താതെ ചെങ്ങറ

വൈദ്യുതി ബോര്‍ഡ് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോള്‍, പത്തനംതിട്ട ജില്ലയിലെ ചെങ്ങറ സമരഭൂമിയില്‍ എരിയുന്നത് മണ്ണെണ്ണ വിളക്കില്‍നിന്നുള്ള കരിന്തിരി മാത്രം. സമരഭൂമിക്ക് അതിര്‍വരമ്പിടുന്ന തോടിനു മറുകരയിലുള്ള അതുമ്പുംകുളത്തെ പ്രധാന പോസ്റ്റില്‍നിന്നു കേവലം 45 മീറ്ററാണ് കോളനിയിലേക്കുള്ള ദൂരം. അതുമ്പുംകുളത്ത് വൈദ്യുതി ദീപം പ്രകാശം ചൊരിയുമ്പോള്‍ ഹാരിസണ്‍ കുന്നുകള്‍ അന്ധകാരത്തിലമരും. 598 കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളും അടക്കം 2218 പോരാണ് കോളനിയില്‍ കഴിയുന്നത്. ചെങ്ങറ കോളനിയില്‍ വൈദ്യുതി എത്തിക്കാതെ അവഗണിച്ചതിനു പിന്നില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ സമ്മര്‍ദമുണ്ടെന്നാണ് ആക്ഷേപം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരമില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കു വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ സാധിക്കില്ലെന്നാണു കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിനു വേണ്ടി വൈദ്യുതി ബോര്‍ഡ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വീട്ടുനമ്പര്‍ ഇല്ലാത്ത വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിനായി ഉപഭോക്താവില്‍നിന്നു സമ്മത പത്രം ഒപ്പിട്ടു വാങ്ങി സംസ്ഥാനത്ത് സമാന സ്വഭാവമുള്ള വീടുകളില്‍ വൈദ്യുതി എത്തിച്ചിരുന്നു. നൂറ് ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്കാണ് ഈ ആനുകൂല്യം. വൈദ്യുതി ലഭിച്ചു എന്ന ഒറ്റ കാരണത്താല്‍ വീടിനുമേല്‍ അവകാശം ഉന്നയിക്കില്ലെന്ന സമ്മതപത്രത്തിലാണ് ഉപഭോക്താവ് ഒപ്പിടേണ്ടത്. ഇത് ഭൂമിക്കുമേല്‍ അവകാശം ഉന്നയിക്കുന്നതിന് തടസമാകില്ലെന്നുള്ളതാണ് പ്രത്യേകത. പത്തനംതിട്ട ജില്ലയിലെ കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കനാല്‍ പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്ക് ഈ രീതിയില്‍ വൈദ്യുതി നല്‍കിയിരുന്നു. എന്നാല്‍ ചെങ്ങറയിലെ പാവപ്പെട്ടവര്‍ക്ക് വൈദ്യുതി നല്‍കാന്‍ അധികൃതര്‍ തയാറായില്ല.
സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂസമരം നടന്ന മേഖല എന്ന നിലയിലാണ് ചെങ്ങറ ഒമ്പത് വര്‍ഷം മുമ്പ് ശ്രദ്ധേയമായത്. 2007 ഓഗസ്റ്റ് നാലിനു നാലായിരത്തിലധികം വരുന്ന ഭൂരഹിതര്‍ ഹാരിസന്റെ അതുമ്പുംകുളത്തുള്ള ചെങ്ങറഭൂമിയില്‍ കുടില്‍ കെട്ടി സമരം ആരംഭിക്കുകയായിരുന്നു. തുടക്കത്തില്‍ സമരത്തെ കര്‍ശനമായി നേരിട്ട പോലീസ്, സമരക്കാര്‍ ആത്മഹത്യാഭീഷണി മുഴക്കിയതോടെ പിന്‍വലിഞ്ഞു. ഇന്ന് ചെങ്ങറ ഒരുപാട് മാറി. റബര്‍ മരങ്ങള്‍ ഒഴിഞ്ഞ ഭൂമിയില്‍ പച്ചക്കറി കൃഷി പച്ചപ്പു പരത്തി. കുടിലുകളുടെ സ്ഥാനത്ത് വാസയോഗ്യമായ വീടുകള്‍ ഉയര്‍ന്നു. എന്നാല്‍ ചെങ്ങറ എന്ന അധിവാസ ഭൂമിയെയും അവിടെയുള്ള ജനവാസത്തെയും അംഗീകരിക്കാന്‍ പഞ്ചായത്ത് തയാറായില്ല.
നിലവാരമുള്ള വീടുകള്‍ ഉയര്‍ന്നിട്ടും അവയ്ക്ക് നമ്പറുകളില്ല. റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ആര്‍ക്കുമില്ല. നേരത്തേ ചെങ്ങറ സമരഭൂമിയില്‍ വെളിച്ചമെത്തിക്കാന്‍ സമരക്കാര്‍ ശ്രമിച്ചിരുന്നു. കോളനിയിലെ അഞ്ച് മേഖലകളില്‍ സൗരോര്‍ജ വിളക്ക് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ അറ്റകുറ്റപണികള്‍ നടത്താഞ്ഞതിനാല്‍ അവ കേടായി. സംസ്ഥാനം സമ്പൂര്‍ണ വൈദ്യുതിയുടെ പ്രകാശത്തില്‍ തിളങ്ങുമ്പോള്‍ ചെങ്ങറ മാത്രം ഇരുളില്‍ കുളിച്ചുനില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha
























