കല്യാണത്തിന് തൊട്ടുമുമ്പ് വധു മുങ്ങി... പിറ്റേന്ന് കാമുകനുമായി പോലീസ് സ്‌റ്റേഷനില്‍ പൊങ്ങി

കല്യാണത്തിന് തൊട്ടുമുമ്പ് മുങ്ങിയ വധു പിറ്റേന്ന് കാമുകനൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി. പത്തനംതിട്ട ജില്ലയിലെ പുത്തന്‍പീടികയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുത്തന്‍പീടിക സ്വദേശിയായ യുവതിയും എറണാകുളം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്.
യുവതിയെ കാണാതായതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിവരെ യുവതി വീട്ടിലുണ്ടായിരുന്നതായി മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. രാവിലെ വരന്റെ വീട്ടുകാരെ വിവരമറിയിച്ചെങ്കിലും അവര്‍ അവിടെ നിന്നും പുറപ്പെട്ടുകഴിഞ്ഞിരുന്നു. വിവാഹവേദിയിലെത്തിയ വരന്റെ വീട്ടുകാര്‍ ബഹളമായി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് വരനെയും സംഘത്തെയും സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തി. ഇവിടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ പോലീസിടപെട്ട് ഇരുകൂട്ടരെയും ശാന്തരാക്കി മടക്കിയയച്ചു.
കാണാതായ വധുവിന് വേണ്ടി അന്വേഷണം പുരോഗമിക്കവേ, തിങ്കളാഴ്ച പുലര്‍ച്ചെ യുവതിയും കാമുകനും പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇതാവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഒരുമിച്ചു പോകാന്‍ അനുവദിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്നതിനിടെയാണ് യുവാവും യുവതിയും പ്രണയത്തിലായത്.
https://www.facebook.com/Malayalivartha
























