അമിക്കസ് ക്യൂറിയോട് അപമര്യാദയായി പെരുമാറരുത്, അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമേറിയതെന്ന് സുപ്രീംകോടതി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമേറിയതെന്ന് സുപ്രീംകോടതി. ചില ശുപാര്‍ശകളില്‍ അടിയന്തര നടപടി വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറിയോട് അപമര്യാദയായി പെരുമാറരുതെന്നും രാജകുടുംബത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റീസ് ആര്‍എം ലോധയുടെ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്. ക്ഷേത്രത്തില്‍ വ്യാപക ക്രമക്കേടാണ് നടക്കുന്നതെന്നും രാജകുടുംബവും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും അമിക്കസ് ക്യൂറി കോടതിയില്‍ വാദിച്ചു. ക്ഷേത്രത്തിലെ പ്രാധാന കല്ലറകളില്‍ ചിലത് തുറന്നു കിടക്കുകയാണെന്നും അതിനാല്‍ തന്നെ എല്ലാ കല്ലറകളും സീല്‍ ചെയ്ത് താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നും അമിക്കസ് ക്യൂറി കോടതിയോട് ആവശ്യപ്പെട്ടു. ഇത് തത്വത്തില്‍ അംഗീകരിച്ച കോടതി നിര്‍ദേശം യുക്തിഭദ്രമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഭയരഹിതമായി പ്രവര്‍ത്തിക്കാന്‍ ജീവനക്കാരെ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഏകദേശം ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനൊടുവിലാണ് കോടതി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിന്‍മേല്‍ സുപ്രധാന നിരീക്ഷണം നടത്തിയത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, ക്ഷേത്രത്തിനുള്ള ആദായ നികുതി ഇളവ് പിന്‍വലിക്കുക, ക്ഷേത്രത്തിന് ലഭിക്കുന്ന കാണിക്കകള്‍ ഓഡിറ്റ് ചെയ്ത് തിട്ടപ്പെടുത്തുന്നതിന് സുതാര്യ സംവിധാനം കൊണ്ടുവരുക, നിലവിലെ ഭരണ സമിതിയെ പിരിച്ചുവിട്ട് പുതിയ ഭരണസമിതിയെ കൊണ്ടുവരുക, വിദഗ്ധ സമിതിയെ നിയോഗിക്കുക എന്നീ നിര്‍ദേശങ്ങളും അമിക്കസ് ക്യൂറി കോടതിക്കു മുന്നില്‍ അവതരിപ്പിച്ചു.
അതിനിടെ ക്ഷേത്ര സ്വത്തുക്കളില്‍ വന്‍ ക്രമക്കേട് കാണിച്ചെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ രാജകുടുംബം എതിര്‍ത്തു. എഴുത്തുകാരന്റെ ഭാവനയോടെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് രാജകുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ ആരോപിച്ചു. അമിക്കസ് ക്യൂറി സുരക്ഷാ കമാന്‍ഡോയെ പോലെയാണ് പെരുമാറുന്നതെന്നും രാജകുടുംബം പരിഹസിച്ചു. ഭരണ സമിതിയില്‍ നിന്നും രാജകുടുംബത്തെ ഒഴിവാക്കാന്‍ പറ്റില്ലെന്നും രാജകുടുംബം കോടതിയെ അറിയിച്ചു. എന്നാല്‍ അമിക്കസ് ക്യൂറിയെ നിയമിച്ചത് കോടതിയാണെന്നും അദ്ദേഹത്തോട് അപമര്യാദയായി പെരുമാറാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം ക്ഷേത്ര സ്വത്തിന്റെ കാര്യത്തില്‍ രാജ കുടുംബവുമായി ഒത്തുകളിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ക്ഷേത്രത്തിന്റെ പത്മതീര്‍ഥ കുളം ശുചീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha






















