രാജ്യത്തിന് മാതൃകയാകാനൊരുങ്ങി തലസ്ഥാനം; തെരുവ് നായ്ക്കള്‍ക്ക് മൈക്രോചിപ്പ്

തലസ്ഥാന നഗരത്തെ പേവിഷബാധ നിയന്ത്രിത മേഖലയാക്കാന്‍ പുതിയ പദ്ധതിയുമായി നഗരസഭ. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിലൂടെ നായ്ക്കള്‍ക്ക് കൃത്യമായി പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കാനും പേവിഷബാധ നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. ആദ്യമായാണ് ഒരു നഗരസഭ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന നിയമം രാജ്യത്ത് നിലവിലുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കി രാജ്യത്തിനാകെ മാതൃകയാകാനൊരുങ്ങുകയാണ് തലസ്ഥാന നഗരസഭ. ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റിക്കു കീഴില്‍ മൂന്ന് കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
തെരുവ് നായ്ക്കളെ പിടികൂടി വാക്‌സിനേഷന്‍ നല്‍കിയ ശേഷം വന്ധ്യംകരിച്ച് മൈക്രോചിപ്പ് ഘടിപ്പിച്ച് തിരിച്ചുവിടും. നായയുടെ ചിത്രം സഹിതമുള്ള ഡാറ്റാബേസ് ചിപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യും. കൂടാതെ പതിവായി നായയെ കാണപ്പെടുന്ന സ്ഥലവും ഉള്‍പ്പെടുത്തും. നായ്ക്കളെ നിരീക്ഷിക്കാന്‍ അഞ്ച് ഡോക്ടര്‍മാര്‍, അഞ്ച് വെറ്റിനറി അസിസ്റ്റന്റുമാര്‍, നായപിടുത്തക്കാര്‍, പരിശീലകര്‍ എന്നിവരടങ്ങുന്ന സംഘത്തെ നഗരസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാര്‍ഡ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ആദ്യഘട്ടത്തിന് ബുധനാഴ്ച തുടക്കമാകും. നെതര്‍ലണ്ടില്‍നിന്ന് ഇതിനാവശ്യമായ പതിനായിരം മൈക്രോചിപ്പുകള്‍ ഇടെണ്ടര്‍ മുഖേന വാങ്ങിയിട്ടുണ്ട്. 35000 ചിപ്പുകളാണ് നഗരത്തിനാവശ്യം. 25500 വളര്‍ത്തുനായകളും 9500 തെരുവ് നായ്ക്കളും നഗരത്തിലുണ്ടെന്നാണ് കണക്ക്. ബാക്കി ചിപ്പുകള്‍ രണ്ടാംഘട്ടത്തില്‍ വാങ്ങും. ശസ്ത്രക്രിയയില്ലാതെ തൊലിയിലൂടെ കഴുത്തിനടിയില്‍ ഘടിപ്പിക്കാവുന്ന ബയോ കംപാക്ടബിള്‍ ഗ്ലാസ് സംവിധാനമുള്ള ചിപ്പുകളാണ് ഉപയോഗിക്കുന്നത്. അണുബാധയുണ്ടാകാതെ നായ്ക്കളുടെ ജീവിതാവസാനംവരെ ഇത് തൊലിക്കുള്ളിലുണ്ടാകുമെന്ന് പദ്ധതിയുടെ നിര്‍വഹണച്ചുമതലയുള്ള സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ഇ.ജി. പ്രേം ജയിന്‍ അറിയിച്ചു.
ഇനി ലൈസന്‍സ് ഇല്ലാതെ നഗരത്തില്‍ സ്വന്തമായി നായ്ക്കളെ വളര്‍ത്താനും അനുവാദമില്ല. ലൈസന്‍സ് ലഭിക്കണമെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തശേഷം മൈക്രോചിപ്പ് ഘടിപ്പിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കും. അനുസരിക്കാത്തവര്‍ക്കെതിരേ കേസ്സെടുക്കുകയും ചെയ്യും. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിറ്റി (ആര്‍.എസ്.ഐ.ഡി) നമ്പര്‍ ഉള്‍പ്പെടുത്തിയ മൈക്രോചിപ്പില്‍ നായ്ക്കളുടെ വിവരശേഖരം (ഡാറ്റാബേസ്) ഉള്‍പ്പെടുത്തും. നായയുടെ ചിത്രം പേര്, ഇനം ഉടമസ്ഥന്റെ പേര്, വിലാസം ലൈസന്‍സ് എടുത്ത ദിവസം പുതുക്കേണ്ട ദിവസം വാക്‌സിനേഷന്‍ എടുത്ത ദിവസം വീണ്ടും എടുക്കേണ്ട ദിവസം എന്നിവ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തും. അടുത്ത വാക്‌സിന്‍ നല്‍കേണ്ട എന്നാണെന്ന് 15 ദിവസം മുമ്പ് നഗരസഭ അധികൃതര്‍ ഉടമസ്ഥനെ മൊബൈല്‍ മെസേജിലൂടെ അറിയിക്കും.
https://www.facebook.com/Malayalivartha


























