ചര്‍ച്ച പരാജയപ്പെട്ടു, തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് മുതല്‍ പണിമുടക്കില്‍

തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കില്‍. അത്യാഹിത വിഭാഗം ഒഴികെ മറ്റെല്ലാ വിഭാഗങ്ങളിലെയും നഴ്‌സുമാര്‍ പണിമുടക്കും. പനി പടരുന്ന സാഹചര്യത്തില്‍ സമരം ഒഴിവാക്കാനായി തൃശൂര്‍ കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
തൃശൂര്‍ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളടക്കം മുപ്പതിലേറെ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നത്. അമ്പത് കിടക്കയില്‍ താഴെയുള്ള ആശുപത്രികളെ പണിമുടക്കില്‍ നിന്നൊഴിവാക്കി.
എന്നാല്‍ മറ്റ് ആശുപത്രികളില്‍ ഐ.പി. ,ഒ.പി തുടങ്ങിയ വിഭാഗങ്ങളിലെ ജോലിയില്‍ നിന്ന് നഴ്‌സുമാര്‍ പൂര്‍ണമായും വിട്ടു നല്‍ക്കും. അത്യാഹിത വിഭാഗത്തെയും നിലവില്‍ കിടന്ന് ചികിത്സിക്കുന്ന രോഗികളെയും ദോഷകരമായി ബാധിക്കാതിരിക്കാന്‍ ഓരോ ആശുപത്രിയിലും മൂന്നിലൊന്ന് നഴ്‌സിനെ വീതം അടിയന്തിര ഘട്ടത്തില്‍ സേവനത്തിന് നിയോഗിക്കുമെന്നും നഴ്‌സുമാരുടെ സംഘടന അറിയിച്ചു. സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് തുല്യമായ വേതനം നല്‍കണമെന്ന സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ കമ്മീഷനുകള്‍ നിര്‍ദേശിച്ചിട്ടുള്ള സേവന വേതന വ്യവസ്ഥകളും മാനേജ്‌മെന്റുകള്‍ അട്ടിമറിച്ചെന്ന് ആരോപിച്ചാണ് സമരം.
പനി പടരുന്നതിനിടയിലെ സമരം ഒഴിവാക്കാന്‍ തൃശൂര്‍ കലക്ടര്‍ എ കൗശിഗല്‍ ഇന്നലെ രാത്രി നഴ്‌സുമാരും മാനേജ്‌മെന്റ് പ്രതിനിധികളുമായി മാരത്തോണ്‍ ചര്‍ച്ച നടത്തി. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതനമായ ഇരുപതിനായിരം രൂപ ശമ്പളം നല്‍കുകയോ അയ്യായിരം രൂപ ഇടക്കാല ആശ്വാസമായി വര്‍ധിപ്പിക്കുകയോ ചെയ്യണമെന്ന് നഴ്‌സുമാര്‍ ആവശ്യപ്പെട്ടു.
കുറഞ്ഞ വേതനം നല്‍കാനാവില്ലെന്ന് പറഞ്ഞ മാനജ്‌മെന്റ് പരമാവധി 1800 രൂപ വര്‍ധിപ്പിക്കാമെന്ന നിലപാടിലുറച്ച് നിന്നതോടെ സമരം പരാജയപ്പെട്ടു. 27 ന് സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ശേഷം സമരം സംസ്ഥാന വ്യാപകമാക്കും.
https://www.facebook.com/Malayalivartha


























