സര്‍ക്കാര്‍ ഒപ്പമില്ല ശ്രീറാം തെറിച്ചു: ശ്രീറാം ചരിത്രത്തിന്റെ ഭാഗമാകും...ഇടതുമുന്നണിയെ അസ്വസ്ഥനാക്കുന്ന രണ്ടാമനെന്ന ഖ്യാതിയിലേക്ക്

മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്കെതിരെ ചങ്കൂറ്റത്തോടെ ബുള്‍ഡോസര്‍ കയറ്റിയ ശ്രീറാമെന്ന പുലിയെ സ്ഥലംമാറ്റമെന്ന ഓലപ്പാമ്പ് കാണിച്ച് തെറിപ്പിച്ച പിണറായിക്ക് സോഷ്യല്‍ മീഡിയായില്‍ വിമര്‍ശനം. ശ്രീറാം വെങ്കിട്ടരാമന്‍ ഇടതുമുന്നണിയെ പിടിച്ചുലക്കുമോ
എന്ന് കാണാന്‍ കേരളം കാത്തിരിക്കുകയാണ്. പണ്ട് പ്രശസ്ത നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണന് വേണ്ടിയാണ് സി പി ഐ ഇടതു മുന്നണി വിട്ടത്. ഐ.എ.എസുകാരനായ മലയാറ്റൂര്‍ അന്ന് വ്യവസായ വകുപ്പിനു കീഴിലുള്ള ടി സി സി യുടെ എം.ഡിയായിരുന്നു. ഗൗരിയമ്മയുമായുള്ള മലയാറ്റൂരിന്റെ പിണക്കമാണ് അന്ന് പാര്‍ട്ടികളെ രണ്ടാക്കിയത്
.
ചുണയുണ്ടെങ്കില്‍ ഇടതുമന്ത്രിസഭയെ സി പി ഐ മറിക്കട്ടെ എന്നാണ് പിണറായി വിജയന്റെ മനസിലിരുപ്പ്. തോളില്‍ ഇരുന്നു കൊണ്ട് ചെവി കടിക്കരുതെന്ന ശക്തമായ സന്ദേശമാണ് പിണറായി വിജയന്‍ സി പി ഐ ക്ക് നല്‍കിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന സ്ഥലം മാറ്റമാണ് ശ്രീറാമിന് ലഭിച്ചത്.
ജനയുഗം മുഖപ്രസംഗവും ഹൈക്കോടതി വിധിയുമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. ഇത്തരത്തില്‍ ഒരു മന്ത്രിസഭ മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നത്. വേണമെങ്കില്‍ സി പി ഐ ക്ക് മുന്നണി വിടാം എന്ന ശക്തമായ സൂചനയും പിണറായി നല്‍കുന്നു.
കെ.എം.മാണിയുമായി ഇടതു മുന്നണി അടുക്കുന്നു എന്ന വാര്‍ത്തക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കുകയാണ്. ആറ് എം എല്‍ എ മാരും രണ്ട് എം.പിമാരുമുള്ള കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്കെടുത്താല്‍ സി പി ഐ പോയാലും സാരമില്ലെന്ന് പിണറായി കരുതും. അതേ സമയം സി പി ഐ യുടെ വാദങ്ങളുടെ മുനയൊടിക്കാന്‍ അവര്‍ മുന്നണി വിട്ടില്ലെങ്കില്‍ തന്നെ കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ആകര്‍ഷിക്കാനും പിണറായി തയാറായെന്നിരിക്കും._5.jpg)
താന്‍ പഴയ മിന്നല്‍ പിണറായി തന്നെയാണെന്ന താക്കീതാണ് മുഖ്യമന്ത്രി സി പി ഐ ക്ക് നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ പോലെ പുറം തലയില്‍ കെട്ടിയാലും മിണ്ടാതിരിക്കുന്ന ഒരാളല്ല താനെന്ന് പിണറായി തെളിയിച്ചു. ജനയുഗം മുഖപ്രസംഗം മുഖ്യമന്ത്രിയെ ഏറെ അലോസരപ്പെടുത്തിയിരുന്നു. താന്‍ വിളിച്ച യോഗത്തില്‍ റവന്യുമന്ത്രി പങ്കെടുക്കാത്തതില്‍ വിറളി പൂണ്ട മുഖ്യമന്ത്രിക്ക് ജനയുഗം മുഖപ്രസംഗം കൂടുതല്‍ പ്രഹരമായി മാറി.
സി പി എമ്മിന്റെ ചിലവില്‍ ജയിക്കുന്ന സി പി ഐ യുടെ അഹങ്കാരം അവസാനിപ്പിക്കാനുള്ള വഴികള്‍ ഏറെ നാളായി അന്വേഷിക്കകയായിരുന്നു പിണറായി. വി എസ് അച്ചുതാനന്ദന്റെ പിന്തുണയോടെയാണ് സി പി ഐ ഇതെല്ലാം ചെയ്യുന്നതെന്ന് പിണറായിക്കറിയാം. 
മുന്നാര്‍ അടക്കം ഇടുക്കിയില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് മാഫിയക്കും അവരെ സഹായിക്കുന്ന നിക്ഷിപ്ത താത്പര്യങ്ങളുള്ള രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ള ശക്തമായ താക്കീതാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി വിധിയെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞു. ചുരുക്കത്തില്‍ വല്യേട്ടനായ സി പി എമ്മിനെ ചുരുട്ടി പരണത്ത് വച്ചിരിക്കുകയാണ് കുഞ്ഞനിയനായ സി പി ഐ.
റവന്യുമന്ത്രി ചന്ദ്രശേഖരനെ അപഹസിക്കുകയും അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത രാഷ്ട്രീയ നേതാക്കള്‍ അവര്‍ വഹിക്കുന്ന പദവികളില്‍ തുടരണമോ എന്ന് സ്വയം തീരുമാനിക്കണമെന്നും ജനയുഗം ആവശ്യപ്പെടുന്നു. റിസോര്‍ട്ട് മാഫിയയെ സഹായിക്കുന്ന വ്യക്തികള്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവരുടെ നിലപാടുകള്‍ പുന:പരിശോധിക്കണമെന്നും ജനയുഗം ആവശ്യപ്പെടുന്നു.
എന്നാല്‍ കാനം രാജേന്ദ്രനല്ല ദൈവം തമ്പുരാന്‍ വന്നാലും തന്റെ തല കുനിയില്ലെന്ന വാശിയിലാണ് പിണറായി.മിണ്ടാതിരുന്നാല്‍ സി പി ഐ നാറും. മിണ്ടിയാല്‍ മന്ത്രിസഭ വീഴും. ഏതായാലും പിണറായി മന്ത്രിസഭയില്‍ നിന്നും സി പി ഐ പുറത്തു വരികയാണെങ്കില്‍ അവരുടെ ഇമേജ് കൂടും. ഇല്ലെങ്കില്‍ അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാവും.
https://www.facebook.com/Malayalivartha


























