'ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ പുറത്ത് വന്നിട്ടും ആര്‍ക്കും തൊടാന്‍ കഴിഞ്ഞില്ല'; ദിലീപിനെതിരെ എല്ലാവരും കൊലവിളി നടത്തുന്നുവെന്ന് നടന്‍ സിദ്ദീഖ്

തെറ്റുകാരനെന്ന് കോടതി വിധിക്കട്ടെ മാധ്യമങ്ങള്‍ ആപ്പണി നടത്തേണ്ട. തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് വ്യക്തമാക്കിയും അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെയുളള പരാതി ഉദാഹരിച്ച് ദിലീപിന്റെ സ്ഥാപനങ്ങള്‍ക്കെതിരെയുളള ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയും നടന്‍ സിദ്ദീഖ് രംഗത്ത്. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയും മുമ്പുളള മാധ്യമവിചാരണ അല്‍പ്പത്തരമാണെന്നും കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ലെന്നും കുറ്റാരോപിതന്‍ മാത്രമാണെന്നും ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ സിദ്ദീഖ് വ്യക്തമാക്കുന്നു.
സിദ്ദീഖിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം
തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്റെ മുടി മുതല്‍ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വരുകയും തെളിവായി വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. അതിനെതിരെ ഒരു ചെറുവിരലനക്കാന്‍, ബോബി ചെമ്മണ്ണൂരിനെ ഒന്നു തൊടാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല . അന്ന് അതൊന്നും കാണാത്ത മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കരും കേരളത്തിലെ സമ്പൂര്‍ണ്ണ സാക്ഷര പൗരന്മാരുമാണ് ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നത്. കോടതി കുറ്റവാളിയായി വിധിക്കാത്ത, കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും ഇന്നലെ ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകളോട് ഒരു ചോദ്യം, അന്ന് ബോബി ചെമ്മണ്ണൂരിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നില്‍ പോയ് രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകര്‍ക്കാനോ എന്തേ അന്ന് നട്ടെല്ല് നിവര്‍ന്നില്ലേ. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുന്‍പുള്ള മാധ്യമ വിചാരണ അല്‍പ്പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ല കുറ്റാരോപിതാന്‍ മാത്രമാണെന്ന ഞാന്‍ പഠിച്ച മാധ്യമ ധര്‍മ്മം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.
ദിലീപിനെ തുണച്ച് റാഫി മാതിര രംഗത്ത്
ചലച്ചിത്രലോകം ഒന്നാകെ ദിലീപിനെ കൈവിടുമ്പോഴും നടനെ തള്ളിപ്പറയാനാകില്ലെന്ന വാദവുമായി നിര്‍മ്മാതാവും വിതരണക്കാരനും സെന്‍സര്‍ ബോര്‍ഡ് മുന്‍ അംഗവുമായ റാഫി മാതിര. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് അടുത്ത വര്‍ഷം ചെയ്യാനിരുന്ന ദിലീപ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് റാഫി മാതിര. ഫേസ്ബുക്കിലാണ് നിര്‍മ്മാതാവിന്റെ അഭിപ്രായ പ്രകടനം.
നടിയെ ആക്രമിച്ച സംഭവത്തെ അപലപിക്കാതിരുന്നവര്‍ ഉള്‍പ്പടെ മലയാള സിനിമയിലെ എല്ലാ സംഘടനകളും ദിലീപിന്റെ അറസ്‌റ്റോടെ അയാളെ തള്ളിപ്പറയുകയും സംഘടനകളില്‍ നിന്നും പുറത്താക്കുകയും ചെയ്തിരിക്കുന്നു. ഇനി അയാളുടെ ഭാഗം കേള്‍ക്കാന്‍ കോടതി മാത്രമേ ഉണ്ടാവുകയുള്ളൂ. അയാള്‍ തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്കാര്‍ക്കും ഇപ്പോള്‍ പറയാന്‍ കഴിയില്ല. അയാള്‍ തെറ്റ് ചെയ്തു എന്നു തെളിയിക്കപ്പെടും വരെ 'ആരോപണ വിധേയന്‍' മാത്രമായ അയാളെ തള്ളിപ്പറയാന്‍ വ്യക്തിപരമായി എനിക്കാകില്ല.
സിനിമക്കുള്ളില്‍ ദിലീപിനു എത്രത്തോളം ശത്രുക്കള്‍ ഉണ്ടായിരുന്നു എന്ന് അയാളുടെ അറസ്റ്റിനു ശേഷം തെളിഞ്ഞിരിക്കുന്നു. അയാള്‍ക്കെതിരെ സംസാരിക്കാന്‍ ചാനലുകളില്‍ ശത്രുക്കളുടെ തിക്കും തിരക്കും കൂടി വരുന്നു. കുറ്റം തെളിയും വരെയും അയാള്‍ 'ആരോപണ വിധേയന്‍' മാത്രമാണ് എന്ന് നമ്മുടെ നിയമം അനുശാസിക്കുമ്പോഴും നല്ല സമയത്ത് ഒപ്പം നിന്നവര്‍ ആരും അയാള്‍ക്കനുകൂലമായി ഒന്നും പറഞ്ഞു കേള്‍ക്കുന്നുമില്ല.
സിനിമയുടെ സമസ്ത മേഖലകളിലും ശ്രദ്ധ പതിപ്പിച്ചപ്പോള്‍ തന്റെ ശത്രുക്കളുടെ എണ്ണം കൂടും എന്ന് മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിയാതെ പോയി എന്ന് ഇപ്പോള്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ 'തന്നെ കുടുക്കാന്‍ ആരൊക്കെയോ ഗൂഡാലോചന നടത്തി ഈ കേസില്‍ കുടുക്കിയതാണ്' എന്ന് ദിലീപ് പറയുന്നതു ഒരു പക്ഷെ സത്യവുമായിരിക്കാം. അത് തെളിയിക്കേണ്ടത് ദിലീപ് മാത്രമാണ്.
നടിയെ ആക്രമിച്ച സംഭവത്തെ അപലപിച്ചു കൊണ്ടും യഥാര്‍ത്ഥ ഗൂഡാലോചകര്‍ ശിക്ഷിക്കപ്പെടണം എന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ടും റാഫി മതിര.
(എന്നെ കുരിശില്‍ തറയ്ക്കണം എന്ന് തോന്നുന്നവര്‍ ഒന്ന് കൂടി ഈ പോസ്റ്റ് വായിച്ചു മനസ്സിലാക്കിയിട്ടു ചെയ്യാന്‍ അപേക്ഷ.)
https://www.facebook.com/Malayalivartha
























