ഫിസിയോ തെറാപ്പിക്കിടെ എന്‍ഡോ സള്‍ഫാന്‍ ഇരയായ കുഞ്ഞിന്റെ കൈയ്യും കാലും ഒടിഞ്ഞു

കാസര്‍കോട് ജില്ലയിലെ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഗുരുതര ചികിത്സ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആദൂര്‍ സ്വദേശി പന്ത്രണ്ട് വയസുകാരനായ അബ്ദുള്‍ റസാഖിനാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുള്‍ റസാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബുബക്കര്‍, റുക്കിയ ദമ്പതികളുടെ മകനാണ് അബ്ദുള്‍ റസാഖ്. സന്ധി വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഫിസിയോ തെറാപ്പിക്ക് വിധേയനാക്കുകയായിരുന്നു.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കൈക്കും കാലിനും വേദനയുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തി എക്സ്റേ എടുത്തു. ഈ പരിശോധനയിലാണ് വലതു കൈക്കും ഇടത് കാലിനും അസ്ഥിക്ക് പൊട്ടലുണ്ടെന്ന് തെളിഞ്ഞത്. നീര്‍ക്കെട്ട് ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ബുധനാഴ്ചയാണ് പ്ലാസ്റ്റര്‍ ഇട്ടത്. അശ്രദ്ധമായി ഫിസിയോ തെറാപ്പി ചെയ്തതാണ് കുട്ടിയുടെ കൈയ്യും കാലും ഒടിയാന്‍ കാരണമെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെയല്ല അസ്ഥി ഒടിഞ്ഞതെന്നും നേരത്തെ തന്നെ ഒടിഞ്ഞിരിക്കാമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ അസ്ഥികള്‍ക്ക് ബലക്ഷയം ഉണ്ടാകാറുണ്ടെന്നും അതിനാല്‍ ഏറെ ശ്രദ്ധയോടെയാണ് ഫിസിയോ തെറാപ്പി ചെയ്തതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























