കൈത്താങ്ങുമായി സര്‍ക്കാര്‍: ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു

കോഴിക്കോട് ജില്ലയിലെ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കാവില്‍പുരയിടത്തില്‍ ജോയ് എന്ന കെ.ജെ. തോമസിന്റെ ബാങ്ക് വായ്പകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജോയിയുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിക്കും.
ഭൂനികുതി സ്വീകരിക്കാത്ത പ്രശ്‌നത്തെ തുടര്‍ന്നാണ് ജോയ് ആത്മഹത്യ ചെയ്തത്. ജോയിയുടെ കുടുംബത്തിന് ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൂടാതെ മകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത വകയില്‍ പൂഴിത്തോട് യൂണിയന്‍ ബാങ്കില്‍ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്. ഈ രണ്ട് ബാധ്യതകളും തീര്‍ക്കാനുള്ള തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഭൂമിയുടെ തര്‍ക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഭൂവനേശ്വറില്‍ നടന്ന 22ാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് പ്രോത്സാഹനമായി കാഷ് അവാര്‍ഡ് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്ക് 10 ലക്ഷം രൂപയും വെള്ളി നേടിയവര്‍ക്ക് 7 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 5 ലക്ഷം രൂപയും നല്‍കും. ടീമിനത്തില്‍ സ്വര്‍ണം നേടിയവര്‍ക്ക് 5 ലക്ഷം രൂപയും വെള്ളി നേടിയവര്‍ക്ക് 3.5 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 2.5 ലക്ഷം രൂപയുമാണ് നല്‍കുക.
കേരള സാഹിത്യ അക്കാദമി, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍, കെടിട്ട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമിതരായ എല്‍.ഡി. ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, പ്യൂണ്‍ കം പ്രൊസസ് സെര്‍വര്‍ എന്നിവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിതരായ 12 പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കും ധനവകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് ശമ്പളപരിഷ്‌കരണം ലഭിക്കും.ജി.എസ്.ടി നടപ്പിലാക്കിയ സാഹചര്യത്തില്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പിന്റെ പേര് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എന്നാക്കാന്‍ തീരുമാനിച്ചു.
കേരളത്തിലെ ഇടത്തരംചെറുകിട തുറമുഖങ്ങളുടെ വികസനത്തിനും ഭരണനിര്‍വ്വഹണത്തിനും കേരളാ മാരിടൈം ബോര്‍ഡ് ബില്‍ ഓര്‍ഡിനന്‍സായി ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 2014ല്‍ നിയമസഭ പാസ്സാക്കിയ മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭയുടെ അംഗീകാരത്തോടെ പിന്‍വലിച്ചിരുന്നു. ആ ബില്ലിലെ അപാകതകള്‍ പരിഹരിച്ചാണ് പുതിയ ബില്ലിന് രൂപം നല്‍കിയത്.
https://www.facebook.com/Malayalivartha
























