മാസിന് വെടിയേറ്റ് മരിച്ചത് ഫോട്ടോയെടുക്കുന്നതിനിടെ; ഒരാൾ അറസ്റ്റിൽ

പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മരിച്ച മാസിന്റെ സുഹൃത്ത് മാനസമംഗലം സ്വദേശി മുസമിൽ ആണ് അറസ്റ്റിലായത്. തോക്കു ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെ മാസിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മാസിനെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് വെടിയേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ യുവാവിനെ രണ്ട് സുഹൃത്തുക്കള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്കൂട്ടറിന്റെ നടുവിൽ ഇരുത്തിയാണ് മാസിനെ ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയപ്പോൾ പിന്നിലിരുന്ന യുവാവ് എഴുന്നേൽക്കുമ്പോൾ യുവാവ് പിന്നോട്ട് വീഴാൻ പോകുന്നതായി ദൃശ്യത്തിൽ കാണാം.
ആശുപത്രിയിലെത്തിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന്റെ ഒരുവശത്തു വെടിയേറ്റ മാസിൻ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ഈ യുവാക്കൾ ഡോക്ടർമാരെയും പൊലീസിനെയും വിവരമറിയിക്കാതെ കടന്നു കളഞ്ഞിരുന്നു.
മരിച്ച മാസിന്റെ ഇടതുകാലിലെ വിരലുകളിൽ റോഡിലുരഞ്ഞ മുറിവുണ്ട്. നഗരത്തിനടുത്തു പൂപ്പലം നിരപ്പിലെ ഒഴിഞ്ഞ സ്ഥലത്താണു സംഭവം നടന്നതെന്നും എയർഗണ്ണിൽനിന്നുള്ള വെടിയാകാമെന്നും പൊലീസ് കണ്ടെത്തി. മാസിൻ സുഹൃത്തുക്കൾക്കൊപ്പം ഈ ഭാഗത്ത് എത്തിയതായി പറയുന്നു. തോക്ക് ആരുടേതെന്നു വ്യക്‌തമല്ല. കോഴിക്കോട്ട് താമസിച്ചുപഠിക്കുന്ന മാസിൻ വെള്ളിയാഴ്‌ചയാണു വീട്ടിലെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു വീട്ടിൽനിന്നിറങ്ങിയത്. പിന്നീട് വീട്ടുകാർ അറിയുന്നതു മരണവാർത്തയാണ്.
https://www.facebook.com/Malayalivartha























