കോണ്‍ക്രീറ്റ് കുരിശുകള്‍ എടുത്തുമാറ്റിയ സംഭവം:സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കും

തിരുവനന്തപുരം ബോണക്കാട്ടിെല വനഭൂമിയിലെ കോണ്‍ക്രീറ്റ് കുരിശുകള്‍ എടുത്തുമാറ്റിയ സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കും. നെയ്യാറ്റിന്‍കര ലത്തിന്‍ രൂപത പ്രതിനിധികള്‍ വനംമന്ത്രി കെ.രാജുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റവന്യൂവനം വകുപ്പുകളുടെ സംയുക്ത പരിശോധനകഴിയും വരെ നടപടികള്‍ നിര്‍ത്തിവെക്കാനും ധാരണയായിട്ടുണ്ട്
ബോണക്കാട് കുരിശുമല തീര്‍ഥാടനപാതയിലെ വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന മൂന്നു കോണ്‍ക്രീറ്റ് കുരിശുകളാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം ഇളക്കിമാറ്റിയത്. വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കൂടുതല്‍ നടപടികളില്‍ നിന്ന് അധികൃതര്‍ പിന്മാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വനംമന്ത്രിയുമായി നെയ്യാറ്റിന്‍കര രൂപത പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്.
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താതെയുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രൂപത പ്രതിനിധികളും പ്രതികരിച്ചു. കുരിശുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ വിതുര കെ.പി.എസ്.എം വനം സെക്ഷന്‍ ഓഫിസ് ഉപരോധിച്ചിരുന്നു. ഉന്നതതല യോഗവും സംയുക്തപരിശോധനയും കഴിയുംവരെ കാത്തിരിക്കാനാണ് നെയ്യാറ്റിന്‍കര രൂപതയുടെ തീരുമാനം.
https://www.facebook.com/Malayalivartha























