പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് അന്വേഷണ സംഘം

നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. തന്റെ മാഡം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണെന്ന സുനിയുടെ വെളിപ്പെടുത്തലിനു പിന്നില്‍ ചില ചരടുവലികള്‍ നടന്നെന്ന ആരോപണങ്ങള്‍ നിഷേധിച്ച അന്വേഷണ സംഘം മാഡം സംബന്ധിച്ച സുനിയുടെ വെളിപ്പെടുത്തല്‍ ആരുടെയും പ്രേരണയാല്‍ അല്ലെന്നാണ് വ്യക്തമാക്കുന്നത്.
രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണ സംഘത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുനിയുടെ വെളിപ്പെടുത്തലുകള്‍ വിശ്വസനീയമല്ലെങ്കിലും മാഡം വെളിപ്പെടുത്തലിനു പിന്നില്‍ ആരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഇതിനിടെ കാവ്യാ മാധവനെയും പള്‍സര്‍ സുനിയെയും ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് വ്യക്തത വരുത്താന്‍ അന്വേഷണസംഘം തയ്യാറായില്ല. ഇതുസംബന്ധിച്ച് നാളെ വ്യക്തതയുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. കേസിലെ മാഡം കാവ്യാ മാധവനാണെന്ന സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
കേസിനു പിന്നില്‍ മാഡം എന്നൊരാള്‍ ഇല്ലെന്ന നിലപാടിലായിരുന്നു ഇതുവരെ അന്വേഷണസംഘം. പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടാണു തുടക്കം മുതല്‍ നടന്‍ ദിലീപും ഭാര്യ കാവ്യയും സ്വീകരിച്ചിരുന്നത്. എന്നാല്‍, പള്‍സറിനെ വര്‍ഷങ്ങളായി അറിയാമെന്നു ദിലീപിന്റെ െ്രെഡവര്‍ അപ്പുണ്ണി മൊഴി നല്‍കിയതോടെ കാര്യങ്ങള്‍ തിരിയുകയായിരുന്നു. കാവ്യയുടെ ഡ്രൈവറായിരുന്ന പള്‍സറിനെ അവര്‍ക്കു പരിചയപ്പെടുത്തിയത് അപ്പുണ്ണിയായിരുന്നു. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതിനിടെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനായി വീണ്ടും ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് അഭിഭാഷകനായ ബി. രാമന്‍പിള്ള വ്യക്തമാക്കി. നാളെ ദിലീപിനെ ആലുവ സബ് ജയിലിലെത്തി സന്ദര്‍ശിച്ച ശേഷമാകും തീരുമാനമെടുക്കുക. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയെങ്കിലും സുപ്രീംകോടതിയെ സമീപിക്കാതെ ജാമ്യത്തിനായി ദിലീപ് ഒരിക്കല്‍ക്കൂടി ഹൈക്കോടതിയെത്തന്നെ സമീപിക്കുമെന്നാണു സൂചന.
https://www.facebook.com/Malayalivartha
























