കനത്ത സുരക്ഷയിൽ ദിലീപിനെ ആലുവയിലെ വീടായ പദ്മസരോവരത്തിൽ എത്തിച്ചു

കർശന സുരക്ഷയിൽ നടൻ ദിലീപിനെ അച്ഛന്റെ ശ്രാദ്ധചടങ്ങുകൾക്കായി ആലുവയിലെ വീടായ പദ്മസരോവരത്തിൽ എത്തിച്ചു. രാവിലെ എട്ടോടെയാണ് ദിലീപിനെ ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറക്കിയത്. ആലുവ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിൽ സി.ഐയും എസ്.ഐമാരും അടങ്ങുന്ന സംഘം ദിലീപിനെ അതീവസുരക്ഷയോടെയാണ് ജയിലിൽ നിന്ന് പുറത്തിറക്കിയത്.
ജനങ്ങൾ തടിച്ചു കൂടിയിരുന്നതിനാൽ തന്നെ ജയിൽ പരിസരത്ത് നിന്ന് 50 മീറ്റർ ദൂരം പൊലീസ് വലയം തീർത്തിരുന്നു. എട്ടിനും പത്തിനുമിടയ്ക്ക് അച്ഛന്റെ ശ്രാദ്ധചടങ്ങുകൾ ദിലീപ് നിർവഹിക്കും. അനുവദിച്ച രണ്ടു മണിക്കൂർ സമയം അവസാനിക്കുന്നതോടെ കോടതി ഉത്തരവ് പ്രകാരം വീണ്ടും ജയിലിലേക്ക് കൊണ്ടുപോകും.
അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ദിലീപ് ചടങ്ങുകൾക്ക് എത്തുന്നത്. മാദ്ധ്യമങ്ങളോട് സംസാരിക്കാനും മൊബൈൽഫോൺ ഉപയോഗിക്കാനും അനുമതിയില്ല.

ആലുവയിൽ പെരിയാറിന്റെ തീരത്താണ് ദിലീപിന്റെ വസതി. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ അപ്പുറത്താണ് ദിലീപ് കഴിയുന്ന ആലുവ സബ് ജയിൽ. ജയിലിലായി 58-ാം ദിവസമാണ് ദിലീപ് വീട്ടിലെത്തിയത്. ആലുവ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിൽ വൻ സുരക്ഷയാണ് ദിലീപിന് ഒരുക്കിയിരുന്നത്.
https://www.facebook.com/Malayalivartha

























