മൊബൈല്‍ മോര്‍ച്ചറിയിലേക്ക് മാറ്റവെ ജീവന്റെ തുടിപ്പ് കണ്ട വീട്ടമ്മ മണിക്കൂറുകള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി

മരിച്ചെന്ന് കരുതി മൊെബെല്‍ഫ്രീസറിലേക്കു മാറ്റിയ വീട്ടമ്മ ശ്വസിച്ചു. ഒടുവില്‍ മരണമെത്തിയത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 12 മണിക്കുറിനുശേഷം. വണ്ടന്‍മേട് പുതുവല്‍ രത്നവിലാസം മുനിസ്വാമിയുടെ ഭാര്യ രത്ന(51)ത്തെയാണ് മരിച്ചെന്ന് ഉറപ്പിച്ച് ബന്ധുക്കള്‍ വീട്ടില്‍ ഫ്രീസറില്‍വച്ചത്. അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ അയല്‍വാസിക്കാണു രത്നത്തിന് ജീവനുണ്ടെന്നു തോന്നിയത്. തുടര്‍ന്ന് വണ്ടന്‍മേട് എസ്.ഐ: വിശ്വനാഥനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തിയെങ്കിലും മരിച്ചെന്ന ഉത്തമവിശ്വാസത്തിലായിരുന്നു ബന്ധുക്കള്‍. ഇതിനിടയില്‍ പുറ്റടി ആശുപത്രിയിലെ ഡോക്ടറെ വിവരമറിയിച്ചു. എന്നാല്‍, ഡോക്ടര്‍ എത്താന്‍ കാത്തുനില്‍ക്കാതെ രത്നത്തെ എസ്.ഐയുടെ നേതൃത്വത്തില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടുത്തെ ഡോക്ടര്‍മാരുടെ പരിശോധനയില്‍ വീട്ടമ്മയ്ക്കു ജീവനുണ്ടെന്നു കണ്ടെത്തി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍, 12 മണിക്കൂറിനു ശേഷം ഇന്നലെവൈകിട്ട് ആറേമുക്കാലോടെ ഇവര്‍ മരണത്തിനു കീഴടങ്ങി. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ഒന്നര മാസമായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വീട്ടമ്മ. ഇരു വൃക്കകളും കരളും തകരാറിലായതിനാല്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടമാര്‍ വിധിയെഴുതി. ചൊവ്വാഴ്ച്ച മുതല്‍ ശരീരം നിശ്ചലാവസ്ഥയിലായ രത്നത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ആറു മണിക്കൂറില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് അറിയിച്ചതിനാല്‍ ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ ഇന്നലെ പുലര്‍ച്ചെ രത്നത്തെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
വീട്ടിലെത്തിയതോടെ ഓക്സിജന്‍ സിലിണ്ടര്‍ നീക്കി ഫ്രീസറിലേക്ക് മാറ്റി. ഇതിനിടയില്‍ രത്നം മരിച്ചെന്നു കാട്ടി ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. പുലര്‍ച്ചെ 3.30 ഓടെ വീട്ടിലെത്തിച്ച രത്നത്തെ രണ്ടുമണിക്കൂറിലധികം ഫ്രീസറില്‍ വച്ചു. ഇവരുടെ വീട്ടിലെത്തുമ്പോൾ ഫ്രീസറിനുള്ളിലേക്ക് മാറ്റിയ രത്നത്തിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ വരുകയും വായില്‍ നിന്നു ദ്രാവകം പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നുണ്ടായിരുന്നെന്ന് എസ്.ഐ: വിശ്വനാഥന്‍ പറഞ്ഞു. ഫ്രീസറില്‍ നിന്നു രത്നത്തെ പുറത്തെടുക്കുന്നതിനെ ചിലര്‍ എതിര്‍ത്തു. മരിച്ചെന്ന് പറഞ്ഞായിരുന്നു ഇത്. പുറ്റടിയില്‍ നിന്നു ഡോക്ടര്‍ എത്തിയ ശേഷം തീരുമാനമെടുക്കാമെന്ന് ബന്ധുക്കള്‍ അറിയിച്ചെങ്കിലും എത്രയും വേഗം ആശുപത്രിയിലെത്തിക്കാനാണ് താന്‍ ശ്രമിച്ചതെന്നും വിശ്വനാഥന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























