പോലീസിന്ററെ സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ല; മുൻകൂർ ജാമ്യ അപേക്ഷയുമായി നാദിർഷ ഹൈക്കോടതിയെ സമീപിച്ചു

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷായെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങിയ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യ അപേക്ഷയുമായി നാദിർഷ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുമ്പ് നൽകിയ മൊഴികൾ വസ്തുതാ വിരുദ്ധമാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ നാദിർഷയക്ക് പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മുൻകൂർ ജാമ്യം തേടിയത്.
അതേസമയം, നെഞ്ചുവേദനയെ തുടർന്ന് നാദിർഷായെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്ന മുറയ്ക്കാവും ചോദ്യം ചെയ്യുകയെന്നും അറിയുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് നാദിർഷ ആശുപത്രിയിൽ ചികിത്സ തേടിയത്.
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും ഏറ്റവും അടുത്ത സുഹൃത്തുമാണ് നാദിർഷ. ഇയാൾ നൽകിയ മൊഴി കളവാണെന്ന് പൊലീസ് കണ്ടെത്തിയത് ജയിലിൽ കഴിയുന്ന ദിലീപിന്റെ നിലയെയും കാര്യമായി ബാധിക്കും. ദിലീപിന് പിതാവിന്റെ ശ്രാദ്ധം ചെയ്യാൻ കോടതി അനുമതി നൽകിയതിനു പിന്നാലെ നാദിർഷ ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ആലുവ പോലീസ് ക്ലബ്ലിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം.

കേസിൽ നാദിർഷയെ മാപ്പു സാക്ഷിയാക്കാൻ പൊലീസ് ശ്രമം നടത്തുന്നതായി ആരോപണം ഉയർന്നിരുന്നു. ജൂൺ 28 നാണ് ദിലീപിനൊപ്പം നാദിർഷയെ പൊലീസ് ആദ്യമായി ആലുവ പൊലീസ് ക്ലബ്ബിൽ വച്ച് ചോദ്യം ചെയ്തത്. അന്ന് ചോദ്യം ചെയ്യൽ 13 മണിക്കൂറോളം നീണ്ടുപോയിരുന്നു. ഇരുവരുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ ഉള്ളതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























