നാദിർഷായുടെ ആരോപണങ്ങൾ കള്ളം; ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല; തന്ത്രങ്ങൾ പൊളിച്ചടുക്കാൻ തയ്യാറായി അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന നാദിർഷയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ആലുവ റൂറൽ എസ്.പി എ.വി.ജോർജ് പറഞ്ഞു. നാദിർഷ മുൻപ് നൽകിയ മൊഴിയിൽ പൊരുത്തക്കേടുണ്ടോയെന്നു വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാദിർഷ മുമ്പ് നൽകിയ മൊഴികൾ പലതും കളവാണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണ സംഘം നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുക. എന്നാൽ, പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ നാദിർഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
താൻ നിരപരാധിയാണെന്നും കേസിൽ കുടുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും നാദിർഷ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. മാത്രമല്ല, അറസ്റ്റു ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായും നാദിർഷ ആരോപിച്ചിരുന്നു.

അതേസമയം, നെഞ്ചുവേദനയെ തുടർന്ന് നാദിർഷായെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാവും നാദിർഷയെ ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും ഏറ്റവും അടുത്ത സുഹൃത്തുമാണ് നാദിർഷ.
https://www.facebook.com/Malayalivartha
























