മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു. ഉജ്ജയിനിലെ ജലാരിയ ഗ്രാമത്തിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
ആടുമേയ്ക്കുന്ന കുടുംബത്തോടൊപ്പം രാജസ്ഥാനിൽ നിന്നെത്തിയ ഭാഗീരഥ് എന്ന ആൺകുട്ടിയാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാനിലെ പാലിയിൽ നിന്നും മൂന്ന് ദിവസം മുൻപാണ് പ്രവീൺ ദേവസിയും കുടുംബവും ആടുമേയ്ക്കാനായി ഉജ്ജയിനിൽ എത്തിയത്.
മാതാപിതാക്കൾക്കൊപ്പം വയലിൽ നിൽക്കുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന ഭാഗീരഥ്, അശ്രദ്ധമായി തുറന്നിട്ടിരുന്ന കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ബദ്‌നഗർ പോലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു.
കുട്ടിക്ക് ശ്വാസം തടസ്സപ്പെടാതിരിക്കാനായി പൈപ്പുകൾ വഴി കിണറിനുള്ളിലേക്ക് ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേന (SDRF) അത്യാധുനിക ഉപകരണങ്ങളുമായി സ്ഥലത്തെത്തി. കുട്ടിയെ പുറത്തെടുക്കുന്നതിനായി കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിർമ്മിക്കുന്നതടക്കമുള്ള നടപടികളിലേക്ക് സംഘം നീങ്ങുന്നു.
"https://www.facebook.com/Malayalivartha


























