സംസ്ഥാന സിവില്‍ സപ്ലൈ കോര്‍പറേഷന്‍ മുഖം മിനുക്കാനൊരുങ്ങുന്നു

വിപണന ശൃംഖല ആധുനികവത്കരിക്കാനും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) മുഖം മിനുക്കാനൊരുങ്ങുന്നു. ഹോം ഡെലിവറി സംവിധാനം, വന്‍ നഗരങ്ങളില്‍ അത്യാധുനിക ഷോപ്പിങ് മാളുകള്‍, സ്വന്തമായി ഗോഡൗണുകള്‍ തുടങ്ങിയ പദ്ധതികളാണ് പരിഗണനയിലുള്ളത്. ഇതുസംബന്ധിച്ച് കോര്‍പറേഷന്‍ സമര്‍പ്പിച്ച കരട് നിര്‍ദേശങ്ങള്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്.
ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഉല്‍പന്നങ്ങള്‍ വീടുകളിലെത്തിച്ചുനല്‍കുന്ന സംവിധാനമാണ് ഹോം ഡെലിവറിയിലൂടെ വിഭാവനം ചെയ്യുന്നത്. നിശ്ചിത തുക സെക്യൂരിറ്റിയായി വാങ്ങി തൊഴില്‍രഹിതരായ യുവാക്കളെയാകും ഇതിന് നിയോഗിക്കുക. ഇതുവഴി ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളേക്കാള്‍ വിപുലവും ഉപഭോക്തൃസൗഹൃദ സൗകര്യങ്ങളോടുകൂടിയതുമായ ഷോപ്പിങ് മാളുകളാണ് മറ്റൊരു പദ്ധതി.

ആദ്യഘട്ടത്തില്‍ കോര്‍പറേഷന്‍ പരിധികളിലാകും ശീതീകരിച്ച ഷോപ്പിങ് മാളുകള്‍ തുറക്കുക. വിജയമെന്ന് കണ്ടാല്‍ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാത്തരം ഉല്‍പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് അനായാസം നേരിട്ട് തെരഞ്ഞെടുക്കാവുന്ന വിധം ഒരുകുടക്കീഴില്‍ ഒരുക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ ഗുണനിലവാരം കൂടിയ ആട്ട ശബരി ബ്രാന്‍ഡില്‍ സ്വന്തം ഉല്‍പന്നമാക്കി വിപണിയിലെത്തിക്കാനും സപ്ലൈകോ ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 140 ഗോഡൗണാണ് സപ്ലൈകോക്കുള്ളത്. ഇവയില്‍ 120 എണ്ണവും വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വാടകയിനത്തില്‍ നല്ലൊരു തുക ഓരോ വര്‍ഷവും കോര്‍പറേഷന്‍ ചെലവഴിക്കേണ്ടിവരുന്നു. സ്വന്തമായി സ്ഥലമുള്ളയിടങ്ങളിലെങ്കിലും ഗോഡൗണുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാറിനോട് സാമ്പത്തികസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. സെയില്‍സ് മാനേജ്മന്റെ്, ഉപഭോക്താക്കളുമായുള്ള വ്യക്തിഗത ഇടപെടല്‍ എന്നീ വിഷയങ്ങളില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. ഇതോടെ സപ്ലൈകോ വില്‍പനശാലകള്‍ കൂടുതല്‍ ജനകീയമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha
























