ഷാര്‍ജ ഭരണാധികാരിക്ക് ആമാടപ്പെട്ടി സമ്മാനിച്ച് ഗവര്‍ണര്‍

കേരളം സന്ദര്‍ശിക്കുന്ന ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് രാജ്ഭവനില്‍ സ്‌നേഹോഷ്മള വരവേല്‍പ് നല്‍കി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സന്ദര്‍ശനത്തിന്റെ സ്മരണക്കായി ഷാര്‍ജ ഭരണാധികാരിക്ക് ആമാടപ്പെട്ടി സമ്മാനിച്ചു.
രാവിലെ 10.50 ഓടെ രാജ്ഭവനിലെത്തിയ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെയും സംഘത്തെക്കും ഗവര്‍ണര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ പ്രധാന ഹാളില്‍ മന്ത്രിസഭാംഗങ്ങളും ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടന്നു. ഇരുരാജ്യങ്ങളില്‍നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇതില്‍ പങ്കാളികളായി. നേരത്തേ സെക്രട്ടേറിയറ്റില്‍ നടത്താന്‍ ഉദ്ദേശിച്ച പരിപാടി രാജ്ഭവനിലേക്ക് മാറ്റുകയായിരുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
വൈവിധ്യ രുചിക്കൂട്ടുമായാണ് ഷാര്‍ജ ഭരണാധികാരിയുടെ ബഹുമാനാര്‍ഥം രാജ്ഭവനില്‍ വിരുന്നൊരുക്കിയത്. ആതിഥേയന്റെ റോളിലായിരുന്നു ഗവര്‍ണര്‍. ചെമ്മീന്‍ ചുട്ടത്, കൂണ്‍ മസാല, അപ്പം, ചെമ്മീന്‍ കറി, കേരള പൊറാട്ട, മലബാര്‍ വെജിറ്റബിള്‍ കുറുമ, കായല്‍ പൂമീന്‍ കറി, ബസുമതി ചോറ്, ചിക്കന്‍ വിഭവങ്ങള്‍, ഉള്ളിത്തീയല്‍, മുളയരി പായസം, ഇളനീര്‍ പുഡിങ് തുടങ്ങി വിഭവസമൃദ്ധമായിരുന്നു വിരുന്ന്.
മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ ഇതില്‍ പങ്കാളികളായി. ഷാര്‍ജ ഭരണാധികാരിക്ക് ഒപ്പമെത്തിയ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുത്തു. രണ്ടരയോടെയാണ് രാജ്ഭവനില്‍നിന്ന് നേതാക്കള്‍ മടങ്ങിയത്.
https://www.facebook.com/Malayalivartha























