വേങ്ങര കുറ്റിപ്പുറമാകുമോ? ലീഗ് ക്യാമ്പില്‍ അങ്കലാപ്പ്

മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടി പണ്ട് ഐസ്‌ക്രീംകേസില്‍ കുടുങ്ങിയ ശേഷം കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ചപ്പോഴുണ്ടായ അവസ്ഥയിലായിരുന്നു ഇന്നലെ വേങ്ങരയിലെ ലീഗ് ക്യാമ്പ്. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടി പെട്ടതോടെ പാര്‍ട്ടിയും മുന്നണിയും ആവുന്നത്ര പ്രതിരോധിക്കാന്‍ ശ്രമിച്ചു. പക്ഷെ, അന്ന് എല്‍.ഡി.എഫ് വേറൊരു തന്ത്രം പ്രയോഗിച്ചു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ലീഗ് വിട്ട കെ.ടി ജലീലിനെ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരത്തിനിറക്കി. മുമ്പ് മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ജലീലുമായുള്ള അങ്കത്തില്‍ കുഞ്ഞാപ്പ തോറ്റ് തുന്നംപാടി. അതോടെ കുഞ്ഞാപ്പ കുറ്റിപ്പുറം വിട്ട് വേങ്ങരയിലേക്ക് ചേക്കേറി.
കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് തോല്‍ക്കാനുള്ള പ്രധാന കാരണം സ്ത്രീ വോട്ടര്‍മാരായിരുന്നു. ഐസ്‌ക്രീം കേസില്‍ പെട്ടതോടെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്ന ചടങ്ങുകളില്‍ അന്ന് മുസ്ലിം സ്ത്രീകള്‍ പങ്കെടുത്തിരുന്നില്ല. അതെല്ലാം തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ബുധനാഴ്ച വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം സോളാര്‍ കേസില്‍ യു.ഡി.എഫ് നേതാവ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ബലാല്‍സംഗത്തിനെതിരെ കേസെടുക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പോളിംഗിനെ പോലും ബാധിച്ചിട്ടുണ്ട്. വേങ്ങരയില്‍ കഴിഞ്ഞ തവണ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ ഭൂരിപക്ഷം കെ.എന്‍.എ ഖാദറിന് കിട്ടില്ലെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. അതേസമയം തോല്‍വിക്കുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
അതേസമയം മൂന്ന് മണിക്ക് ശേഷം ശക്തമായ പോളിംഗ് ഉണ്ടായിട്ടുണ്ട്. ഇത് യു.ഡി.എഫിന് പ്രതീക്ഷയും ആശങ്കയും സൃഷ്ടിക്കുന്നു. ഒന്നുകില്‍ ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായിരിക്കും അല്ലെങ്കില്‍ എല്‍.ഡി.എഫിന് പോകും. എന്ത് സംഭവിച്ചാലും തങ്ങള്‍ക്ക് ലാഭമാണെന്ന നിലപാടിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. കഴിഞ്ഞ തവണ പി.കെ കുഞ്ഞാലിക്കുട്ടിയോട് തോറ്റ പി.പി ബഷീര്‍ മണ്ഡലത്തിലെ താമസക്കാരനാണ്. ഇതെല്ലാം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്.
https://www.facebook.com/Malayalivartha
























