പൊലീസിന്റെ ക്രൂരമര്‍ദ്ദനം; യുവാവ് കുടുംബവുമായി സ്റ്റേഷനിലെത്തി ഒടുവിൽ സംഭവിച്ചത്...

പൊലീസിന്റെ ഭീകര മര്‍ദ്ദനത്തിനിരയായ ടെമ്പോ ഡ്രൈവര്‍ ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തില്‍ പാലോട് സ്റ്റേഷന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തി. തലവഴി പെട്രോളിഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നന്ദിയോട് ആലംപാറ സ്വദേശി സുനില്‍കുമാറിനെ പൊലീസുകാര്‍ രക്ഷിച്ചു. ആത്മഹത്യാശ്രമത്തിന് കേസുമെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്റും ചെയ്തു.
സുനില്‍കുമാറും ഭാര്യാസഹോദരന്‍ പെരിങ്ങമ്മല സ്വദേശി കിച്ചുവും കാറിലിരുന്ന് മദ്യപിച്ചെന്നാരോപിച്ച് പാലോട് എസ്.ഐയാണ് കസ്റ്റഡിയിലെടുത്തത്. പാലോട് പാപ്പനംകോട് മുണ്ടന്‍ പാലത്തിനടുത്തുള്ള വാഹന സര്‍വീസ് സെന്ററില്‍ കാര്‍ സര്‍വീസ് ചെയ്യാനാണ് സുനില്‍കുമാര്‍ വന്നത്.
പൊലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ച സുനില്‍കുമാറിനെയും കിച്ചുവിനെയും റോഡിലിട്ടും ജീപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദനം തുടര്‍ന്നു. പൊതുനിരത്തിലിരുന്ന് മദ്യപിച്ചെന്നും ചോദ്യം ചെയ്ത എസ്.ഐയെ അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയാണ് ജാമ്യത്തിലിറക്കിയത്.
മണിക്കൂറുകള്‍ക്കകം ഭാര്യയെയും ഏഴും പത്തും വയസുള്ള രണ്ട് ആണ്‍മക്കളെയും കൂട്ടിയാണ് സുനില്‍കുമാര്‍ ആത്മഹത്യ ചെയ്യാനായി പെട്രോളും വാങ്ങി സ്റ്റേഷനിലെത്തിയത്. ക്രൂരമര്‍ദ്ദനത്തില്‍ അവശരായ സുനില്‍കുമാറും കിച്ചുവും പാലോട് ഗവ. ആസ്പത്രിയിലെത്തി ചികിത്സ തേടി. കിച്ചുവിനെ ആസ്പത്രിയില്‍ കിടത്തിയശേഷമാണ് സുനില്‍കുമാര്‍ വീട്ടിലെത്തിയത്.
https://www.facebook.com/Malayalivartha


























