സോളാര്‍ റിപ്പോര്‍ട്ടിലെ വൈരുദ്ധ്യം മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തി; യു.ഡി.എഫിന് തുണയാകുമോ?

പ്രോസിക്യൂഷന്റെ എന്തെങ്കിലും അപാകത മതി പ്രതിഭാഗത്തിന് അത് കച്ചിത്തുരുമ്പാകും. അങ്ങനെയൊരു കച്ചിത്തുരുമ്പ് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലൈംഗിക പീഡനവും മാനഭംഗവും തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സരിതാ എസ്. നായര്‍ എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ പീഡനത്തിന് കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും കേസുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നുമാണ് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വജയന്‍ അറിയിച്ചത്.
എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മറ്റൊരു ഭാഗം ഉദ്ദരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ; സരിതയില്‍ നിന്ന് ലൈംഗിക തൃപ്തി നേടിയതിനെ കൈക്കൂലിയാക്കി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കും. റിപ്പോര്‍ട്ടിന്റെ ഒരു ഭാഗത്ത് നേതാക്കള്‍ മാനഭംഗപ്പെടുത്തിയെന്നും മറ്റൊരിടത്ത് കൈക്കൂലിയായി ലൈംഗിക സംതൃപ്തി സ്വീകരിച്ചെന്നുമാണ് പറയുന്നത്. ഈ വൈരുദ്ധ്യം നിയമക്കുരുക്കായേക്കും. പ്രതി പട്ടികയിലുള്ള പ്രതിപക്ഷനേതാക്കള്‍ ഇത് കോടതിയില്‍ ചൂണ്ടിക്കാട്ടും. അങ്ങനെയെങ്കില്‍ അത് കേസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സരിതയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. അതിനര്‍ത്ഥം സരിതയ്‌ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങള്‍ ഇല്ലെന്നാണോ എന്നറിയില്ല. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സരിത നടത്തിയ തട്ടിപ്പ് കൂടി തെളിയിക്കാനാണ് അന്വേഷണ കമ്മീഷനെ വച്ചത്. അത് കമ്മീഷന്‍ മറക്കാന്‍ സാധ്യതയില്ല. മുഖ്യമന്ത്രി ബോധപൂര്‍വം മറച്ച് വച്ചതായിരിക്കാം. ഇതും പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് കോടതിയില്‍ ചൂണ്ടിക്കാട്ടാം. തങ്ങളെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അന്വേഷണമെന്നും വാദിക്കാം.
https://www.facebook.com/Malayalivartha






















