സോളാറില്‍ നഷ്ടം എ ഗ്രൂപ്പിന്

സോളാര്‍ കേസ് റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ വെട്ടിലായത് എ ഗ്രൂപ്പ് നേതൃത്വമാണ്. കെ പി സി സി പുനഃസംഘടന വരാനിരിരിക്കെ കോണ്‍ഗ്രസ്സ് അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലായി.ഇതുവരെ കേവലം ആരോപണം മാത്രമായിരുന്നെങ്കില്‍ ഇനിയങ്ങോട്ട് അന്വേഷണത്തിന്റെയും നടപടികളുടെയും കാലമാണ്.
കെ പി സി സി തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹനാനെ നേതൃത്വത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുമായി എ ഗ്രൂപ്പ് മുന്നോട്ട് പോകവെയാണ് സോളാറില്‍ നേതാക്കള്‍ കുടുങ്ങിയത്.
എന്നാല്‍ രാഷ്ട്രീയമായി കോണ്‍ഗ്രസ്സിന്റെ മുഖം രക്ഷിയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഐ ഗ്രൂപ്പിന്റെ പിന്തുണ കണ്ടറിയേണ്ടതാണ്. കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് നല്‍കിയ ലിസ്റ്റില്‍ സോളാര്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാ നേതാക്കളും ഉണ്ടെന്നതും കൗതുകകരമാണ്.
കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ അഴിമതി,മാനഭംഗ കേസുകളില്‍ ഉള്‍പ്പെട്ടത് ദേശീയ നേതൃത്വത്തിന് തിരിച്ചടിയാണ് പ്രത്യേകിച്ചും ബിജെപിയുടെ അഴിമതിക്കെതിരെ ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി ശക്തമായ നിലപാടെടുക്കുന്ന ഈ സാഹചര്യത്തില്‍. യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് അതിനാല്‍ തന്നെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിരോധത്തിന് പ്രസക്തിയില്ല.
കേസില്‍ ഉള്‍പ്പെട്ട എല്ലാവരും തന്നെ ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുള്ളവരാണ്.പദവികളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ തിരിച്ചു വരവ് ഇതോടെ ത്രിശങ്കുവിലായി.ആരോപണ വിധേയരായവരെ നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചാല്‍ വലിയ നഷ്ട്ടമാണ് എ ഗ്രൂപ്പിന് സംഭവിക്കുക.
https://www.facebook.com/Malayalivartha


























