ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍: കേസിലെ നാലാം പ്രതിയായ കസ്തൂരിരംഗ അയ്യര്‍ കോടതിയെ സമീപിച്ചു; ഹൈക്കോടതിയിലെ വിവേചനം ചൂണ്ടി കാട്ടിയാണ് ഹര്‍ജി

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ തന്നെ വിചാരണ നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേസിലെ പ്രതിയും മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരിരംഗ അയ്യര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം പാടില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ഹൈക്കോടതിയില്‍ കസ്തൂരിരംഗ അയ്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗസ്റ്റിലാണ്, മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിള്‍ബെഞ്ച് ശരിവച്ചിരുന്നു.
എന്നാല്‍ അയ്യരെ കൂടാതെ കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി. രാജശേഖരന്‍ എന്നിവരെ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ ആദ്യം ഉള്‍പ്പെട്ടിരുന്ന മുന്‍ കെ.എസ്.ഇ.ബി ബോര്‍ഡംഗം മാത്യു റോയ്, വി. രാജഗോപാലന്‍, മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ത്ഥ മേനോന്‍ എന്നിവര്‍ മരിച്ചുപോയതിനാല്‍ അവരെയും ഒഴിവാക്കി. ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
https://www.facebook.com/Malayalivartha























