വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ ദിലീപിനെതിരെ പുതിയ കേസ് ?; തെളിവുണ്ടെങ്കില്‍ എടുക്കാമെന്ന് നിയമവിദഗ്ധര്‍

നടിയെ ആക്രമിച്ച സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നെന്ന് ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് പൊലീസ് പറയുന്നത് ശരിയാണെങ്കില്‍ താരത്തിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടിവരും. തെളിവുകളുണ്ടെങ്കില്‍ വേറെ കേസ് എടുത്ത് അന്വേഷണം നടത്താമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാതെ ജാമ്യം റദ്ദാക്കാന്‍ കഴിഞ്ഞേക്കില്ല. കാരണം നിലവിലെ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കന്‍ മതിയായ കാരണങ്ങളില്ല. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. അവ പാലിക്കപ്പെടുന്നുമുണ്ട്. ഗൂഢാലോചന കേസിലുള്‍പ്പെടെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം ദിലീപിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അഭിഭാഷകനായ രാമന്‍പിള്ളയുമായി താരം ആശയവിനിമയം നടത്തി.
ശബരിമല ദര്‍ശനം കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് കേസിലെ പുതിയ വഴിത്തിരിവുകള്‍ താരം അറിഞ്ഞത്. കൊച്ചിയിലെത്തിയ ശേഷം അഭിഭാഷകനുമായി നേരിട്ട് സംസാരിച്ചേക്കും. ഗൂഢാലോചനയ്ക്ക് പുറമേ വ്യാജരേഖ ചമയ്ക്കലും ആകുമ്പോള്‍ അത് വിചാരണ വേളയിലും വിധി പറയുന്ന സമയത്തും പ്രോസിക്യൂഷന് അനുകൂലമാവുകയും ദിലീപിന് എതിരാവുകയും ചെയ്യും. ഇതെല്ലാം മുന്‍ കൂട്ടി കണ്ടാണ് പൊലീസ് പുതിയ നീക്കം നടത്തിയതെന്ന് അറിയുന്നു. നിലവില്‍ കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ട് പോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതികളെ സംരക്ഷിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനൊപ്പം തെളിവുകളുടെയും സാഹചര്യതെളിവുകളുടെയും മറ്റൊരു റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
സമീപകാലത്ത് പൊലീസ് തയ്യാറാക്കിയ, കുറ്റമറ്റ കുറ്റപത്രമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. രാജ്യംമുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട കേസായതിനാല്‍ എന്തെങ്കിലും വീഴ്ച പറ്റിയാല്‍ അത് കേരളാ പൊലീസിന്റെ ഇമേജിനെ തന്നെ ബാധിക്കും. അതുകൊണ്ട് നിയമവിദഗ്ധരുമായി അന്വേഷണ സംഘം ചര്‍ച്ചകള്‍ നടത്തിവരികയാണ്. അവരുടെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷം ആവശ്യമായ മാറ്റങ്ങളും വരുത്തും. താമസിക്കാതെ കുറ്റപത്രം കോടതിയിലും സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും. കാരണം മറ്റ് പ്രതികള്‍ക്ക് നടിയോട് വ്യക്തിവൈരാഗ്യമില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha























