മാര്‍ത്താണ്ഡം കായല്‍ കൈയേറ്റകേസ്: റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ട് സ്വത്തല്ല, ആര് ഹാജരാകണമെന്ന് തീരുമാനിക്കാനുള്ള അധികാരം എ.ജിക്കാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര

മന്ത്രി തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കൈയേറ്റക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹനെ മാറ്റില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് വ്യക്തമാക്കി. റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ട് സ്വത്തല്ല.
ആര് ഹാജരാകണമെന്ന് തീരുമാനിക്കാനുള്ള അധികാരം എ.ജിക്കാണെന്നും അഡ്വക്കേറ്റ് ജനറല്‍ മാദ്ധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.കായല്‍ കൈയേറ്റക്കേസില്‍ അഡി. അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ നിയോഗിക്കണമെന്ന് റവന്യൂ മന്ത്രി കത്ത് നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ ആരെങ്കിലും ഉള്‍പ്പെട്ട കേസുകളില്‍ അഡ്വക്കേറ്റ് ജനറലോ അഡി. അഡ്വക്കേറ്റ് ജനറല്‍മാരോ സ്‌റ്റേറ്റ് അറ്റോര്‍ണിയോ ഹാജരാകുന്നതാണ് പതിവ്.
കെ.വി. സോഹനെ നിയോഗിച്ചതില്‍ അപാകതയില്ല. ഒരാളെ കേസ് നടത്താന്‍ നിയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് മാറ്റുന്ന പതിവ് എനിക്കില്ല. ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. എ.ജി സര്‍ക്കാരിന്റെ താത്പര്യമാണ് സംരക്ഷിക്കുന്നത്, മന്ത്രിയുടേതല്ല.
പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം അവിടെ തീര്‍ക്കട്ടെ. എ.ജി ഓഫീസിന് എല്ലാവരുമായും നല്ല ബന്ധമാണ്. അഡിഷണല്‍ എ.ജി രഞ്ജിത്ത് തമ്പാനുമായി സംസാരിച്ചു. അദ്ദേഹത്തിന് ഒരു തരത്തിലുള്ള അതൃപ്തിയുമില്ല. മറ്റുള്ളവയൊക്കെ മാദ്ധ്യമങ്ങള്‍ നല്‍കുന്ന നിറമാണ്. കായല്‍ കൈയേറ്റക്കേസ് അഡിഷണല്‍ എ.ജിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കത്ത് നല്‍കിയോയെന്ന ചോദ്യത്തോട് പ്രതികരിക്കുന്നില്ല. മന്ത്രിമാര്‍ അങ്ങനെ പറയാറില്ല. പറഞ്ഞാലും എ.ജി കേള്‍ക്കേണ്ടതില്ല.
അഭിഭാഷകര്‍ താത്പര്യം പറഞ്ഞാല്‍ പരിഗണിക്കാറുണ്ട്. ഈ കേസില്‍ ആരുടെയും നിര്‍ദ്ദേശം കേള്‍ക്കേണ്ട കാര്യമില്ല. മന്ത്രിമാര്‍ക്ക് എ.ജിയെ നിര്‍ദ്ദേശിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ മാത്രമേ ഇക്കാര്യം പുനഃപരിശോധിക്കേണ്ടതുള്ളൂ.
https://www.facebook.com/Malayalivartha
























