ഹാദിയയെ കാണാന്‍ അനുമതി നിഷേധിച്ച പിതാവിന്റെയും പൊലീസിന്റെയും നടപടിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി

ഹാദിയയെ കാണാന്‍ അനുമതി നിഷേധിച്ച പിതാവിന്റെയും പൊലീസിന്റെയും നടപടിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി. കൊച്ചിയില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തക വി.എം. സനീറയാണ് കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച വൈക്കം പൊലീസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വീട്ടില്‍ സുരക്ഷിതയല്ലെന്നും പിതാവ് മര്‍ദ്ദിക്കുന്നതായും ഹാദിയ വെളിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞദിവസം രാഹുല്‍ ഈശ്വര്‍ വാര്‍ത്തസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. തന്നെ സന്ദര്‍ശിച്ച മറ്റു ചിലരോടും ഹാദിയ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സനീറ വെള്ളിയാഴ്ച രാവിലെ ഹാദിയയെ കാണാന്‍ എത്തിയത്. എന്നാല്‍, പൊലീസും ഹാദിയയുടെ പിതാവ് അശോകനും സമ്മതിച്ചില്ല. ഹാദിയയുടെ ജീവനു ഭീഷണിയുണ്ടെന്നും മര്‍ദിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ പൊലീസും അശോകനും നിഷേധിച്ചു.
കാണാന്‍ അനുവദിക്കാത്തതിനെതിരെയും ഹാദിയയെ അന്യായ തടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടുമാണ് സനീറ പരാതിയുമായി വൈക്കം പൊലീസിനെ സമീപിച്ചത്. എന്നാല്‍, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ഇടപെടാനാവില്ലെന്ന് പറഞ്ഞ് പരാതി സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha
























