താൻ രാജീവിനെ കൊല്ലാൻ നിർദ്ദേശിച്ചിട്ടില്ല; ചക്കര ജോണിക്കും രഞ്ജിത്തിനും പറ്റിയ കൈയബദ്ധമെന്ന് അറസ്റ്റിലായ ക്രിമിനൽ അഭിഭാഷകൻ സി.പി.ഉദയഭാനു പൊലീസിന് മൊഴി നൽകി

റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി.ഉദയഭാനു താൻ നിരപരാധിയാണെന്ന് പൊലീസിന് മൊഴി നൽകി. രാജീവിനെ ബന്ദിയാക്കാനാണ് മറ്റു പ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവരോട് നിർദ്ദേശിച്ചത്.
എന്നാൽ കൊലപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡി.വൈ.എസ്.പി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഉദയഭാനു പറഞ്ഞു. പണം തിരിച്ചു കിട്ടുന്നതിന് വേണ്ടി രാജീവിനെ തട്ടിക്കൊണ്ടുപോയി രേഖകളിൽ ഒപ്പുവയ്ക്കാനായിരുന്നു പദ്ധതിയിട്ടത്. അങ്ങനെയെങ്കിൽ രാജീവിനെ ബന്ദിയാക്കി രേഖകളിൽ ഒപ്പുവയ്പ്പിക്കാമെന്ന് തന്റെ കക്ഷിയായ ജോണിക്ക് നിർദ്ദേശം നൽകി.
എന്നാൽ, കൊല്ലരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ചക്കര ജോണിക്കും രഞ്ജിത്തിനും പറ്റിയ കൈയബദ്ധമാണിതെന്നും ഉദയഭാനു പറഞ്ഞു. ഇന്നലെ രാത്രി ഏഴു മണിയോടെ ഉദയഭാനുവിന്റെ രണ്ടാമത്തെ സഹോദരൻ അജയ്ഘോഷിന്റെ വസതിയായ തൃപ്പൂണിത്തുറ ഹിൽപ്പാലസ് മ്യൂസിയത്തിന് സമീപമുള്ള വയലിൽ റോഡിലെ സൗപർണികയിൽ നിന്നാണ് അഭിഭാഷകനെ പൊലീസ് പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി പത്തു മണിയോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ ആസ്ഥാനമായ തൃശൂർ റൂററിൽ എത്തിച്ചു. ഇന്നലെ രാത്രി എസ്.പി യതീഷ് ചന്ദ്ര ഉദയഭാനുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറിലധികം നീണ്ടു നിന്നതായാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായി ഫോണിൽ നിരന്തരം ബന്ധപ്പെടാനുണ്ടായ സാഹചര്യം, കൊല്ലപ്പെട്ട രാജീവുമായുള്ള ബന്ധം, വസ്തു ഇടപാടുകൾ നടത്തിയതുമായുള്ള വിവരങ്ങൾ എന്നിവയാണ് ചോദ്യാവലിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് സൂചന.

ഇന്ന് വൈദ്യപരിശോധന പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അതേസമയം, പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കില്ലെന്നാണ് സൂചന. നാളെയോ, തൊട്ടടുത്ത ദിവസമോ ആയിരിക്കും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.
സെപ്തംബർ 29നാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ ചാലക്കുടിയിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha























