വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു

മണ്ണുത്തി കൊഴുക്കുള്ളിയില്‍ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ സുരേഷ്, ഷിബു, പട്ടിക്കാട് സ്വദേശി ജിഫി എന്നിവരാണ് മരിച്ചത്. കെഎസ്‌ഇബി കരാര്‍ ജീവനക്കാരാണ് മരിച്ച മൂന്നുപേരും.
വൈകിട്ട് 5. 30 -തോടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് പുതിയ വൈദ്യുതി കണക്ഷന്‍ നല്‌കുന്നതിന് വേണ്‌ടി പോസ്റ്റ് മാറ്റി സ്ഥാപിക്കാനാണ് ജീവനക്കാര്‍ എത്തിയത്. കുഴിയെടുത്ത ശേഷം പോസ്റ്റുയര്‍ത്തുന്നതിനിടെ സമീപത്തുകൂടി പോകുന്ന 11 കെവി ലൈനില്‍ തട്ടി എല്ലാവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശികളായ ബിനീഷ്, ജിജോ, സുനില്‍കുമാര്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടമുണ്ടായ ഉടന്‍തന്നെ എല്ലാവരെയും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിനകം മൂന്നുപേര്‍ മരിച്ചിരുന്നു.
പോസ്റ്റ് ദേഹത്തുവീണു പരിക്കേറ്റ ബിനീഷിന്റെ നില ഗുരുതരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. മറ്റുമൂന്നുപേരും അപകടനില തരണം ചെയ്‌തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha