നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഹൈകോടതി താല്‍ക്കാലികമായി വിലക്കി; നഴ്സുമാർ കൂട്ടമായി അവധിയിലേക്ക്

സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ അറുപത്തിരണ്ടായിരത്തോളം നഴ്സുമാര്‍ ഇന്ന് കൂട്ടമായി അവധിക്ക് അപേക്ഷിക്കും. നഴ്സുമാർ മാര്‍ച്ച് അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഇത് താൽക്കാലികമായി വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നഴ്സുമാർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേർന്നത്. നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈകോടതി താല്‍ക്കാലികമായി വിലക്കിയ സാഹചര്യത്തില്‍ കേസില്‍ കക്ഷിചേരാന്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സമരം വിലക്കിയതിനാൽ ആറ് മുതല്‍ നഴ്സുമാര്‍ അവധിയെടുത്ത് പ്രതിഷേധിക്കാൻ തൃശൂരില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. അഞ്ചിന് കോടതിയില്‍ കേസ് പരിഗണനക്കെടുക്കുമ്പോള്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കും.
സമരം വിലക്കിയ നടപടി തെറ്റാണെന്ന് യോഗം വിലയിരുത്തി. സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം നഴ്സുമാര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ചോദിക്കുക പോലും ചെയ്യാതെ മാനേജ്മെന്റിന്റെ ആവശ്യം നിറവേറ്റുകയാണ് ഉണ്ടായത്. ജൂലൈ 20ന് നഴ്സുമാരുടെ പണിമുടക്കിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഉത്തരവിട്ടതും ഇപ്പോള്‍ സമരം തടഞ്ഞ് ഉത്തരവിട്ടതും ഒരേ ന്യായാധിപനാണെന്നത് യാദൃച്ഛികമായി കാണാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ശമ്പള പരിഷ്കരണം വേഗത്തില്‍ നടപ്പാക്കാനും ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജാസ്മിന്ഷ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വത്സന് രാമംകുളത്ത്, ബിബിന്‍ എന്‍. പോള്‍, ഷോബി ജോസഫ്, ബെല്‍ജോ ഏലിയാസ്, ജിഷ ജോര്‍ജ്, ഷുഹൈബ് വണ്ണാരത്ത്, വിദ്യ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. ലേബര്‍ കമീഷണര്‍ നഴ്സസ് സംഘടന ഭാരവാഹികളെ തിരുവനന്തപുരത്ത് ഇന്ന് ഉച്ചകഴിഞ്ഞ് ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























