കീഴാറ്റൂരില്‍ വയല്‍ക്കിളികളും നാടുകാവല്‍ക്കാരും സമരം ശക്തമാക്കുന്നു; ആകാശപ്പാതയും അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍, ഭൂമി നല്‍കാനുള്ളത് പകുതിയിലധികം പേര്

കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കാന്‍ സി.പി.എം നിരത്തിയ വാദങ്ങളില്‍ പലതും പൊളിയുന്നു. 68 പേര്‍ ഭൂമി വിട്ടുകൊടുത്താലേ ബൈപ്പാസ് നിര്‍മിക്കാനാകൂ, ഇതില്‍ രണ്ട് പേര്‍ മാത്രമേ ഇനി സമ്മതപത്രം നല്‍കാനുള്ളൂ എന്നായിരുന്നു സി.പി.എം നേതാക്കള്‍ വ്യക്തമാക്കിയത്. ഇന്നലെ സി.പി.എം നേതൃത്വത്തില്‍ തുടങ്ങിയ നാട്കാവല്‍ സമരത്തില്‍ ഭൂമി വിട്ട് നല്‍കിയവരുടെ പേര് വെച്ച ബോര്‍ഡ് സ്ഥാപിച്ചിരുന്നു. അത് കേവലം 15 പേര്‍ മാത്രമായിരുന്നു. അതിലേറെ പേര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു. അവരുടെയൊക്കെ പേരുകള്‍ ഇന്ന് വൈകിട്ട് നടക്കുന്ന, കേരളം കീഴാറ്റൂരിലേക്ക് എന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്നും സുരേഷ് പറഞ്ഞു.
സെന്റിന് നാല് ലക്ഷം രൂപ വാഗ്ദാനം നല്‍കിയാണ് ഭൂമി ഏറ്റെടുക്കാന്‍ ദേശീയപാതാ അതോറിട്ടി തയ്യാറായത്. എന്നിട്ടും പകുതിയിലധികം കര്‍ഷകര്‍ ഭൂമി വിട്ട് നല്‍കുന്നില്ല. പകുതിയിലധികം കര്‍ഷകരും സമരത്തിനൊപ്പമാണ്. കൃഷി ഭൂമി വിട്ട് കൊടുത്താലും അത് മണ്ണിട്ട് നികത്താനുള്ളതല്ല. വികസനം വേണം, പക്ഷെ വികസന തീവ്രത വേണ്ട. അതിനെതിരെയായിരിക്കും ശക്തമായ സമരങ്ങള്‍ വരാന്‍ പോകുന്നത്. പച്ചത്തുരുത്തുകളിലൂടെയല്ല വികസനം കൊണ്ടുവരേണ്ടത്. അത് കുടിവെള്ളവും ഭക്ഷസുരക്ഷയും ഇല്ലാതാക്കും. പരിസ്ഥിതിയെ മറന്നുള്ള വികസനം പാടില്ലെന്ന മുദ്രാവാക്യം കേരളത്തില്‍ ഉയര്‍ന്ന് വരുമെന്നും സുരേഷ് കീഴാറ്റൂര്‍ വ്യക്തമാക്കി.
ഇന്ന് നടക്കുന്ന പരിപാടിയില്‍ വി.എം സുധീരന്‍, സുരേഷ് ഗോപി എം.പി, സാഹിത്യ,സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കും. പാടം നികത്താതെ ആകാശപ്പാതയിലൂടെ ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും അതിന് അനുവദിക്കില്ലെന്ന് വയല്‍ക്കിളികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























