ക്രിക്കറ്റിനെ ഒരു മതമായും ദൈവമായും കണ്ട ഓസ്‌ട്രേലിയന്‍ ജനങ്ങളെ അപമാനിച്ച ക്യാപ്റ്റനും സംഘത്തിനും മാപ്പ് നല്‍കില്ല... പന്തില്‍ കൃത്രിമം കാണിച്ച സ്മിത്തിനും വാര്‍ണര്‍ക്കും ആജീവനാന്ത വിലക്കിന് സാധ്യത; പുതിയൊരു ടീമിനെ സൃഷ്ടിക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്

ക്രിക്കറ്റിനെ ഒരു മതമായും ദൈവമായും കണ്ട ഓസ്‌ട്രേലിയന്‍ ജനങ്ങളെ നാണം കെടുത്തുന്നതായിരുന്നു പന്ത് ചുരണ്ടര്‍ വിവാദം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് വിലക്കും പിഴയും ഏര്‍പ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപടി സ്വീകരിച്ചെങ്കിലും അത് പോരെന്ന നിലപാടിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. അവര്‍ കര്‍ശന നടപിടികളിലേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വീണ്ടും കടക്കുമെന്ന് സൂചന. നിലവില്‍ ഒരു ടെസ്റ്റില്‍ നിന്നുമാണ് സ്മിത്തിനെ വിലക്കിയത്. ഒരു മത്സരത്തിന്റെ മാച്ച് ഫീയാണ് സ്മിത്ത് പിഴ ഒടുക്കേണ്ടത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റിന് മാച്ച് ഫീയുടെ 75 ശതമാനവും പിഴ ചുമത്തി. അതേസമയം വാര്‍ണറെയും സ്മിത്തിനെയും ആജീവനാന്തകാലം വിലക്കണമെന്ന ആവശ്യവും ഒരു വശത്തു നിന്നും ഉയരുന്നുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് സ്മിത്തും ബാന്‍ക്രോഫ്റ്റും പന്തില്‍ കൃത്രിമം കാണിച്ചത്. സംഭവം വിവാദമായതോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ താരങ്ങള്‍ക്കെതിരെ രംഗത്ത് വരികയും സ്മിത്ത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്തിനെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐ.സി.സിയുടെ അച്ചടക്ക നടപടി.
വിവാദത്തില്‍പ്പെട്ട ഓസീസ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. ടിം പെയ്‌നാണ് ഓസീസിന്റെ താല്‍ക്കാലിക ക്യാപ്റ്റന്‍. താരങ്ങളുടെ നടപടി രാജ്യത്തിന് അപമാനമുണ്ടാക്കിയെന്ന് ഓസീസ് സ്‌പോര്‍ട്‌സ് കമ്മീഷന്‍ തുറന്നടിച്ചു. സ്റ്റീവോ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങളും ഇവര്‍ക്കെതിരെ രംഗത്ത് വന്നു. വിവാദം കത്തിപ്പടരുന്ന സാഹചര്യത്തില്‍ പരിശീലകനെതിരെ അടക്കം നടപടിക്കൊരുങ്ങുകയാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ്.
കൃത്രിമം കാണിക്കാന്‍ നായകന്‍ കൂട്ടുനിന്നതിന് നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ ക്രിക്കറ്റ് ആസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് താരം രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്നും ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തുറന്നടിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്. സംഭവത്തില്‍ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളും രംഗത്തുവന്നിരുന്നു.
കേപ്ടൗണ്‍ ടെസ്റ്റില്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത് വന്‍ വിവാദമായതോടെയാണ് നടപടിക്കായി ആസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ സമ്മര്‍ദ്ദം. ഇത് താനും അറിഞ്ഞു കൊണ്ടാണെന്ന് സ്മിത്ത് വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഓസീസ് ഫീല്‍ഡര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച സാന്‍ഡ് പേപ്പറുപയോഗിച്ച് പന്ത് ചുരണ്ടുന്നത് വിഡിയോയില്‍ കുരുങ്ങിയത്. സംഭവം വിവാദമായതോടെ മുന്‍ താരങ്ങളടക്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രവും എ.ബി. ഡിവില്ലിയേഴ്‌സും ബാറ്റ് ചെയ്യുന്നതിനിടെയാണ് ബാന്‍ക്രോഫ്റ്റിന്റെ പന്ത് ചുരണ്ടല്‍. നടപടി ശ്രദ്ധയില്‍ പെട്ട ഫീല്‍ഡ് അമ്ബയര്‍മാര്‍ താരത്തെ വിളിച്ച് വിശദീകരണം തേടിയെങ്കിലും പന്ത് മാറ്റാതെ കളി തുടര്‍ന്നു. മത്സര ശേഷം മാച്ച് റഫറി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെ മുന്‍ താരങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കളികഴിഞ്ഞ ശേഷം മാധ്യമങ്ങള്‍ക്ക് മുമ്പാകെയെത്തിയ ബ്രാന്‍ക്രോഫ്റ്റ് തെറ്റുപറ്റിയതായി സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























