അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ജെസ്‌ന: ഒരു ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറ ടൗണില്‍ എത്തിയ യുവതിയെ പിന്നീട് ആരും കണ്ടിട്ടില്ല: വേദനയോടെ രക്ഷിതാക്കൾ

ഡിഗ്രി വിദ്യാര്‍ഥിനിയായ ഇരുപതുകാരി ജെസ്‌ന മരിയ ജയിംസിനെ കാണാതെ വേദനിക്കുകയാണ് പ്രിയപ്പെട്ടവർ. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കഴിഞ്ഞ 22 ന് രാവിലെ 9.30 മുതലാണ് കാണാതാകുന്നത്. കാണാതാകുന്നതിന്റെ അന്നു രാത്രിതന്നെ വീട്ടുകാര്‍ എരുമേലി സ്‌റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. സംഭവം നടന്നത് വെച്ചൂച്ചിറ സ്‌റ്റേഷന്റെ പരിധിയിലായിരുന്നതിനാല്‍ കേസ് പിറ്റേന്നു രാവിലെ അവിടേക്കു മാറ്റി.
ബന്ധുക്കൾ പരാതി നൽകി നാലു ദിവസം കഴിഞ്ഞിട്ടും പോലീസിന് തുമ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജെസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കാനാണ് സാധ്യതയെന്നാണ് ജെസ്‌നയുടെ അച്ഛനും സഹോദരനും പറയുന്നത്. പോലീസ് ഈ വഴിക്ക് അന്വേഷിക്കണമെന്നാണ് ഇരുവരും പറയുന്നത്. 22 ന് ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍വാസികൾ കണ്ടിരുന്നു.
അച്ഛൻ ജെയിംസ് കെട്ടിട കരാറുകാരനായതിനാല്‍ ജോലിസ്ഥലത്തേയ്ക്കു പോയിരിക്കുകയായിരുന്നു. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍വാസികളോട് പറഞ്ഞ ശേഷം ജെസ്‌ന വീട്ടില്‍ നിന്നും ഒരു ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറ ടൗണില്‍ എത്തി. ഓട്ടോഡ്രൈവറോടും ജെസ്‌ന അമ്മായിയുടെ വീട്ടിലേക്കു പോകുന്നുവെന്നാണ് പറഞ്ഞത്. എന്നാൽ മുക്കൂട്ടുതറ ടൗണില്‍ എത്തിയ യുവതിയെ പിന്നീട് ആരും കണ്ടിട്ടില്ല.
അടുത്ത ദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ജെസ്‌ന പ്രകടിപ്പിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഉൾപ്പെടെ ഒരു സാധനവും ജെസ്‌ന എടുത്തിട്ടുമില്ല. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ജെസ്‌നയുടെ അമ്മ പനി പിടിച്ച് മരിക്കുന്നത്. അതിന്റെ വിഷമം ജെസ്‌നയ്ക്കുണ്ടായിരുന്നതായി സഹോദരന്‍ പറയുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായ ജെസ്‌നയ്ക്ക് പുരുഷസുഹൃത്തുക്കളോ പ്രേമബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലെന്നു സഹോദരന്‍ ജെയ്‌സ് ജോണ്‍ പറഞ്ഞു. പോലീസ് സഹപാഠികളെയും ദൃക്‌സാക്ഷികളെയും ചോദ്യം ചെയ്യുകയും മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റ്, പഠനസാമഗ്രികള്‍ എന്നിവ പരിശോധിക്കുകയും ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അധികം ആരോടും സംസാരിക്കുന്ന പ്രകൃതമല്ല ജെസ്‌നയുടേത്. അടുത്ത കൂട്ടുകാരും വളരെ കുറവാണ്. കീ പാഡുള്ള മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നതുപോലും.
https://www.facebook.com/Malayalivartha

























