മരണത്തിലും വേട്ടയാടി സഭാ തര്‍ക്കം ;വയോധികന്റെ മൃതദേഹം സംസ്‌കരിക്കാനാവാതെ പള്ളിയില്‍ നിന്ന് തിരികെ കൊണ്ടുപോയി

വെട്ടിത്തറ വിശുദ്ധ മര്‍ത്തമറിയം പള്ളിയില്‍ വയോധികന്റെ മൃതദേഹം സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്‌കരിക്കാനാവാതെ തിരിച്ചുകൊണ്ടുപോയി. വെട്ടിത്തറ വാഴത്തോട്ടത്തില്‍ സി.ജെ. പൈലി (89) യുടെ മൃതദേഹമാണ് തിരികെ കൊണ്ടുപോയത്. പിറവത്ത് ജെ.എം.പി. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.യാേക്കാബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയെ സബന്ധിച്ച് അടുത്തിടെയുണ്ടായ കോടതി വിധിയെ തുടര്‍ന്നാണ് സംഭവങ്ങള്‍.
വ്യാഴാഴ്ച വൈകീട്ടാണ് പൈലി മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മൃതദേഹം വെട്ടിത്തറ പള്ളിയില്‍ സംസ്‌കരിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഓര്‍ത്തഡോക്‌സ് വിശ്വാസികളായ പൈലിയുടെ കുടുംബാംഗങ്ങള്‍ക്ക് ശവസംസ്‌കാരം നടത്താന്‍ കോടതി പോലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഇതറിഞ്ഞ് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സഭയിലെ ഏതാനും മെത്രാപ്പോലീത്തമാരും സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ തുടങ്ങിയവരും പള്ളിയിലെത്തി. ശ്രേഷ്ഠ ബാവയും മെത്രാപ്പോലീത്തമാരും എത്തിയ വിവരമറിഞ്ഞ് വിശ്വാസി സമൂഹവും പള്ളിയിലെത്തി.
ഈ സമയം പള്ളിയുടെ മുന്നിലെ പ്രധാന വാതില്‍ അടച്ചിരിക്കുകയായിരുന്നു. വൈകീട്ട് അഞ്ചു മണിയോടെ മൃതദേഹവുമായി ആംബുലന്‍സ് പള്ളിക്ക് മുന്നിലെത്തി. മൃതദേഹവുമായെത്തിയവര്‍ പള്ളി തുറക്കാന്‍ ആവശ്യപ്പെട്ടതോടെ അങ്ങോട്ടുമിങ്ങോട്ടും വാദപ്രതിവാദമായി. മൂവാറ്റുപുഴ ഡിവൈ.എസ്.പി. കെ. ബിജുമോന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ സംരക്ഷണം നല്‍കാമെന്നതല്ലാതെ പള്ളി തുറപ്പിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്.
വൈദികനെ കൂടാതെ മൃതദേഹം പള്ളിക്കകത്ത് കയറ്റാമെന്നും സെമിത്തേരിയില്‍ ശുശ്രൂഷകള്‍ നടത്തി സംസ്‌കരിക്കാമെന്നും യാക്കോബായ വിഭാഗം അറിയിച്ചു. എന്നാല്‍ വൈദികനെ കൂടാതെ മൃതദേഹം സംസ്‌കരിക്കാനില്ലെന്നു പറഞ്ഞ് കുടുംബാംഗങ്ങള്‍ മൃതദേഹം മടക്കിക്കൊണ്ടുപോകുകയായിരുന്നു. അനുകൂല വിധി ഉണ്ടായ ശേഷമേ മൃതദേഹം സംസ്‌കരിക്കുന്നുള്ളൂവെന്ന് മരിച്ച പൈലിയുടെ മകന്‍ ജോണ്‍സണും സഭയിലെ വൈദികരും അറിയിച്ചു.
മൃതദേഹം സംസ്‌കരിക്കാന്‍ തങ്ങള്‍ക്ക് കോടതി പോലീസ് സംരക്ഷണം അനുവദിച്ചിരുന്നുവെന്നും അത് അനുവദിക്കാത്ത പോലീസിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. പള്ളിയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്ന മൃതദേഹം സംസ്‌കരിക്കാനാവാതെ മടക്കിക്കൊണ്ടുപോയ ചരിത്രമില്ലെന്നും പോലീസ് കടമ നിര്‍വഹിക്കാത്തതിനാലാണ് ഇങ്ങനെ വേണ്ടിവന്നതെന്നും ഓര്‍ത്തഡോക്‌സ് പക്ഷം വൈദിക സെക്രട്ടറി ഫാ. എബ്രാഹം കാരാമ്മേല്‍ പറഞ്ഞു.
അതേസമയം ഇടവകയില്‍ ആരു മരിച്ചാലും പള്ളിയിലെ വികാരിയടക്കമുള്ള വൈദികരാണ് സംസ്‌കാര ശുശ്രൂഷകള്‍ നടത്താറെന്നും മറിച്ചൊരു കീഴ്വഴക്കമില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ മറുവാദം
https://www.facebook.com/Malayalivartha





















