കോടതി വിധി ദൂരവ്യാപകമായി ബാധിക്കുന്നത് സ്വാശ്രയ മാനേജുമെന്റുകളെ; ഒരുകാലത്തും ഒരു വിട്ടുവിഴ്ചയ്ക്കും തയ്യാറാകാത്ത സ്വാശ്രയ മാനേജുമെന്റുകളെ നിലയ്ക്ക് നിര്‍ത്താന്‍ കിട്ടിയ സുവര്‍ണാവസരം; വിദ്യാര്‍ത്ഥികള്‍ പുറത്താകുന്നതോടെ തലവരി പണത്തിന്റെ കണക്കുകള്‍ അവര്‍ തന്നെ പുറത്താക്കും; ആദ്യ വെടി പൊട്ടിച്ച് പേരന്റ്‌സ് അസോസിയേഷന്‍

എന്നും കോടതി വിധികളിലൂടെ സര്‍ക്കാരുകളെ വിറപ്പിച്ചിരുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ക്കുള്ള അടിയാണ് സുപ്രീം കോടതി വിധിയും നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ മടക്കിയയച്ചതും. യോഗ്യരല്ലാത്ത 169 വിദ്യാര്‍ത്ഥികള്‍ പുറത്തേയ്ക്ക് പോകുമ്പോള്‍ അവര്‍ നല്‍കിയ ലക്ഷങ്ങളുടെ തലവരിപ്പണവും ചര്‍ച്ചയാകും. വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും സംബന്ധിച്ച് ഇനിയൊന്നും നഷ്ടപ്പെടാനില്ല. അതിനാല്‍ തന്നെ തങ്ങള്‍ നല്‍കിയ പണം ആവശ്യപ്പെട്ടു തുടങ്ങി.
ഇതോടെ പ്രവേശന തട്ടിപ്പ് നടത്തിയ കണ്ണൂരിലെ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജും പാലക്കാട്ടെ കരുണയും വന്‍ കുരുക്കിലേക്ക് വീഴുകയാണ്. സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് 10 ലക്ഷമായിരിക്കെ, തന്റെ കുട്ടിക്കു 43.17 ലക്ഷം രൂപ നല്‍കിയാണു കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടിയതെന്നും അതിന്റെ രസീത് പോലും മാനേജ്‌മെന്റ് നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ തന്നെ പരാതി ഉയര്‍ന്നു കഴിഞ്ഞു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് പേരന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി മോഹന്‍ കോട്ടൂരാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായതോടെയാണ് മാതാപിതാക്കളുടെ തുറന്ന് പറച്ചില്‍. ഇതോടെ കള്ളപ്പണവും മെഡിക്കല്‍ കോളേജിന്റെ കൈയിലുണ്ടെന്ന് വ്യക്തമായി. ഇതും മാനേജ്‌മെന്റുകള്‍ക്ക് ഊരാക്കുടുക്കായി.
വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ പേരില്‍ ബില്‍ കൊണ്ടു വന്നെങ്കിലും ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കിയതു കൊണ്ട് ബില്‍ ഗവര്‍ണ്ണര്‍ തടഞ്ഞു. ഇതോടെ വിദ്യാര്‍ത്ഥികള്‍ വന്‍ പ്രതിസന്ധിയിലായി. ഇതോടെയാണ് തുറന്നു പറച്ചിലുകള്‍ എത്തിയത്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സുപ്രീം കോടതി അസാധുവാക്കിയ സാഹചര്യത്തില്‍ സുപ്രീം കോടതിയിലെ കേസില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കക്ഷി ചേരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മാനേജ്‌മെന്റ് തങ്ങളെ കബളിപ്പിച്ചുവെന്നും പറയുന്നു. കാന്തപുരത്തിന് സ്വാധീനമുള്ള കോളേജാണ് അഞ്ചരക്കണ്ടിയിലേത്. മുജാഹിദുകളുടെ അടുപ്പക്കാരന്റേതാണ് കരുണ. ഈ സ്വാധീനമാണ് നിയമവിരുദ്ധ ബില്ലിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇത് പൊളിഞ്ഞതോടെ സത്യം പറയുകയാണ് മാതാപിതാക്കള്‍.
150 വിദ്യാര്‍ത്ഥികളില്‍ 13 പേര്‍ പഠനം നിര്‍ത്തിപ്പോയി. ശേഷിക്കുന്ന 137 പേരും പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവരാണ്. തങ്ങളുടെ മക്കള്‍ക്കു പഠിക്കുന്നതിനു കോടതി അവസരം നല്‍കണമെന്നാണ് അപേക്ഷ. വിദ്യാര്‍ത്ഥികളുടെ വിഷമം രാഷ്ട്രീയ നേതാക്കളോടു പറഞ്ഞ് അവരില്‍ നിന്നു കത്തു വാങ്ങിയതു തങ്ങളാണ്. മാനേജ്‌മെന്റിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. മാനേജ്‌മെന്റിന്റെ ആളുകള്‍ ഇപ്പോള്‍ ഫോണ്‍ പോലും എടുക്കുന്നില്ല. കോളജിലെ വിദ്യാര്‍ത്ഥികളുടെ പട്ടിക ആരോഗ്യ സര്‍വകലാശാല, മെഡിക്കല്‍ കൗണ്‍സിലിന് അയയ്ക്കുകയും അവര്‍ അത് നിയമപ്രാബല്യമുണ്ടോയെന്ന് അറിയാന്‍ സുപ്രീം കോടതിക്കു വിടുകയും ചെയ്തിരുന്നു. മെഡിക്കല്‍ കൗണ്‍സിലില്‍ പോയി ഇതിനായി സമ്മര്‍ദം ചെലുത്തിയതും അസോസിയേഷനാണെന്നു ഭാരവാഹികള്‍ പറഞ്ഞു.
2016-17ല്‍ കോളേജില്‍ പ്രവേശനം നേടിയവരെല്ലാം നീറ്റ് യോഗ്യത നേടിയവരാണ്. പ്രവേശന നടപടികളുടെ രേഖകള്‍ മേല്‍നോട്ടസമിതിക്ക് മുന്‍പില്‍ ഹാജരാക്കിയില്ല. കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളോടും രക്ഷാകര്‍ത്താക്കളോടും നിരുത്തരവാദ സമീപനമാണ് കൈക്കൊള്ളുന്നത്. കോളേജിലെ പ്രവേശനം സാധൂകരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തതിനെതിരേ നിയമപരമായി മുന്നോട്ടുപോകും. സുപ്രീംകോടതി മെയ് ഏഴിന് കേസ് പരിഗണിക്കുമ്പോള്‍ കക്ഷിചേരാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ത്ഥികളുടെ ഭാഗം പറയാന്‍ അവസരം ലഭിച്ചാല്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് കരുതുന്നു. വിധി എതിരായാല്‍ നിയമപരമായി നേരിടും.
കണ്ണൂര്‍ കോളേജില്‍ ഒന്നാം റാങ്കുകാരിയുടെ നീറ്റ് റാങ്ക് 18,499 ആണ്. മറ്റു സ്വാശ്രയ കോളേജുകളിലെ ഭൂരിപക്ഷം കുട്ടികളുടെയും മെറിറ്റ് റാങ്ക് ഈ കുട്ടിയെക്കാള്‍ വളരെ പിന്നിലാണെന്നും രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു. ജയിംസ് കമ്മിറ്റിയോ ആരോഗ്യവകുപ്പ് സെക്രട്ടറിയോ തങ്ങളുടെ വാദം കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് കരുണ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നുണ്ട്. എംബിബിഎസ് പ്രവേശനം റദ്ദാക്കിയുള്ള വിധിക്കെതിരെ സുപ്രീകോടതിയെ സമീപിക്കുമെന്നും നിലവിലുള്ള കേസില്‍ ഉടന്‍ കക്ഷിചേരുമെന്നും കരുണ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അറിയിച്ചു.
https://www.facebook.com/Malayalivartha


























