അപകടത്തില്‍ പെട്ട് നടുറോഡില്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന 19കാരന് രക്ഷകനായത് യുവ നഴ്‌സായ സയോ ആന്റണി

അപകടത്തില്‍പെട്ട് ആരും തിരിഞ്ഞു നോക്കാനില്ലാതെ നടുറോഡില്‍ കിടന്ന വിദ്യാര്‍ത്ഥിയെ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോൾ മനസാക്ഷി മരവിച്ച് നിന്ന ഒരു കൂട്ടം ആളുകളിൽ നിന്ന് വ്യത്യസ്ഥാനവുകയാണ് ഈ യുവ നേഴ്‌സ്. തൃശ്ശൂര്‍ അശ്വനി ഹോസ്പിറ്റലിലെ നഴ്‌സായ സയോ ആന്റണിയുടെ സമയോചിത ഇടപെടലാണ് താണികുടം സ്വദേശിയും മൂന്നാറില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമായ 19കാരന്‍ വിഷ്ണുവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ നൈറ്റ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് തിരിക്കവെയാണ് താണികുടത്ത് പെട്രോള്‍ പമ്പിന് സമീപം റോഡിലെ ആള്‍ക്കൂട്ടം സയോയുടെ ശ്രദ്ധയില്‍ പെട്ടത്. ബൈക്ക് അപകടത്തില്‍പെട്ട് റോഡിലേക്ക് തെറിച്ചുവീണ യുവാവിന് ചുറ്റും കൂടി നില്‍ക്കുകയായിരുന്നു നാട്ടുകാര്‍. സയോ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും രക്തം വാര്‍ന്ന് ഗുരുതരമായ നിലയിലായിരുന്നു പരിക്കേറ്റ യുവാവ്.
ഈ കാഴ്ച കണ്ടതോടെ, യുവാവിന് ചുറ്റും കൂടിനില്‍ക്കുന്ന നിഷ്‌ക്രിയരായ ജനക്കൂട്ടത്തിനൊപ്പം ചേരാന്‍ സയോയുടെ മനസ് അനുവദിച്ചില്ല. കൂടി നിന്നവരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ചെവി കൊള്ളാതെ ജനക്കൂട്ടം മടിച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ അതു വഴി വന്ന ഓട്ടോയില്‍ കയറ്റിയാണ് സയോ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് എത്തിച്ചതും എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയതും. ഓട്ടോയില്‍ പരിക്കേറ്റയാളെ സഹായിക്കാനായി പോലും ആരും കയറാന്‍ കൂട്ടാക്കിയില്ലെന്ന് സയോ വെളിപ്പെടുത്തുന്നു.
മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ വിഷ്ണു അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷവും അപകട നില തരണം ചെയ്തിരുന്നില്ല. വെന്റിലേറ്ററില്‍ ഒരു ദിവസം പ്രവേശിപ്പിച്ച ഇയാളുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും സയോ പറയുന്നു.
പരിക്കേറ്റ് വഴിയരികില്‍ കിടക്കുന്ന ആ അവസ്ഥ ആര്‍ക്ക് വേണമെങ്കിലും വരാമെന്നും ഒരു നഴ്‌സായതിനാല്‍ തന്നെ രോഗിയുടെ അവസ്ഥ എത്രമാത്രം ഗുരുതരമാണെന്ന് തനിക്ക് മനസിലായതു കൊണ്ടാണ് ആംബുലന്‍സു വിളിക്കാനും മറ്റും സമയം പാഴാക്കാതെ പരിക്കേറ്റയാളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചതെന്ന് സയോ ആന്റണി ബിഗ് ന്യൂസിനോട് പറഞ്ഞു.
രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ കൂടി നിന്നവര്‍ പോലീസിനെ വിളിക്കുന്നതിനെ കുറിച്ചും ആംബുലന്‍സ് നമ്ബറിനെ കുറിച്ചും വാചാലരായതല്ലാതെ തൊട്ടടുത്ത് ലഭ്യമായ ഏതെങ്കിലും വാഹനത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് എത്തിക്കാനോ സഹായിക്കാനോ ശ്രമിച്ചില്ലെന്നു സയോ ആന്റണി കുറ്റപ്പെടുത്തി.
പോലീസ് കേസ് ഭയന്നാണ് മിക്കവരും ഇത്തരം സാഹചര്യങ്ങളില്‍ സഹായം നല്‍കാന്‍ മടിക്കുന്നതിനു പിന്നിലെന്നും എന്നാല്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള നിയമപ്രശ്‌നങ്ങളും നേരിടേണ്ടി വരില്ലെന്നും സയോ ആന്റണി പറയുന്നു. ഒരു മനുഷ്യന്റെ ജീവന് വില കല്‍പ്പിക്കുകയാണ് നമ്മള്‍ ഏറ്റവും ആദ്യം ചെയ്യേണ്ടതെന്നും നാളെ ഞാനോ നിങ്ങളോ ആയിരിക്കാം വിഷ്ണുവിന്റെ സ്ഥാനത്ത് എന്നും യുഎന്‍എ അംഗം കൂടിയായ സയോ പറയുന്നു.
https://www.facebook.com/Malayalivartha


























