പ്രവാസികളായ രണ്ട് സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പെട്ടെന്നുള്ള വിയോഗത്തില്‍ ഞെട്ടി താനൂര്‍... എട്ടുവയസ്സുകാരിയെ ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തിച്ച് മടങ്ങുന്നതിനിടെ ഉണ്ടായ അപകടം ഉറ്റവരുടെ ഉയിരെടുത്തത് നിമിഷങ്ങൾക്കുള്ളിൽ

കോഴിക്കോട്ടെ കോംട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് താനൂര്‍ മീനടത്തൂരില്‍ നിന്നും കുടുംബത്തിലെ എട്ടു വയസുകാരി ഷസയുടെ ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തിച്ച് മടങ്ങുന്നതിനിടെ കാറും ടിപ്പര്‍ ലോറിയും ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് ജീവനുകള്‍ പൊലിയുകയായിരുന്നു. മാതാവും സഹോദരനും മറ്റു കുടംബാംഗങ്ങളും മരണപ്പെട്ടതറിയാതെ ഷസ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്.
രണ്ട് കുടുംബത്തിലെ അഞ്ചു പേര്‍ ഒന്നിച്ച് മരണപ്പെട്ടതിലുള്ള അടങ്ങാത്ത വേദനയിലാണ് മീനടത്തൂര്‍ ഗ്രാമം. അപകട വിവരം അറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മരണപ്പെട്ട സൈനുദ്ദീന്റെയും യാഹുട്ടിയുടെയും വീട്ടിലേക്കൊഴുകിയെത്തി.
പ്രവാസികളായ രണ്ട് സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പെട്ടെന്നുള്ള വിയോഗത്തില്‍ വിതുമ്പലടക്കാനാകാതെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ് മീനടത്തൂര്‍ ഗ്രാമം. വര്‍ഷങ്ങളായി ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ കഴിയുന്നവരായിരുന്നു സുഹൃത്തുക്കളായ യാഹുട്ടിയും സൈനുദ്ദീനും. ബന്ധുക്കള്‍ കൂടിയായ ഇരുവരും നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു. സൈനുദ്ദീനെ താല്‍ക്കാലികമായി ഡ്രൈവറായി വിളിച്ചാണ് യാഹുട്ടിയുടെ കുടുംബം കോഴിക്കോട് കണ്ണാശുപത്രിയിലേക്ക് പോയത്.
ഷസയുടെ കണ്ണ് പരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ രാമനാട്ടുകര ബൈപാസില്‍ വച്ചാണ് ടിപ്പര്‍ ലോറി കാറിലിടിച്ചത്. ഡ്രൈവര്‍ സൈനുദ്ദീനും യാഹുട്ടിയുടെ ഭാര്യ നഫീസയും തല്‍ക്ഷണം മരണപ്പെടുകയും അപകടത്തില്‍ സാരമായി പരിക്കേറ്റ യാഹുട്ടിയും മകള്‍ സഹീറയും മണിക്കൂറുകള്‍ക്കകം മരണപ്പെടുകയും ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെ ചികിത്സയിലായിരുന്ന നാലരവയസുകാരന്‍ മുഹമ്മദ് ഷഫിനും മരണപ്പെട്ടു.
രണ്ട് പേരുടെ മരണവാര്‍ത്ത കേട്ടതോടെ അപകട വാര്‍ത്ത നാടൊട്ടുക്കും പ്രചരിക്കുന്നതിനിടയിലാണ് മറ്റു രണ്ട് പേരുടെ വേര്‍പ്പാടിന്റെ വാര്‍ത്തയും വന്നെത്തിയത്. സൈനുദ്ദീന്റെ മയ്യിത്ത് ഇന്നലെ രാത്രി തന്നെ ഖബറടക്കി. സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് ആളുകള്‍ പിരിയുമ്ബോയാണ് നാലരവയസുകാരന്‍ മുഹമ്മദ് ഷഫിന്റെ മരണവാര്‍ത്ത അറിയുന്നത്. അഞ്ചാമത്തെ മരണവാര്‍ത്ത കൂടി എത്തിയതോടെ ഗ്രാമം കണ്ണീരില്‍ മുങ്ങി.
https://www.facebook.com/Malayalivartha
























