കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍; ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിക്കുവാന്‍ പി.ജെ.കുര്യന്‍ തയ്യാറാകണം; നിങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നും തുറന്നടിച്ച് ഷാഫി

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയേറ്റുവാങ്ങിയതുമുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലും. ഓരോദിവസം കഴിയുംതോറും കോണ്‍ഗ്രസിലെ പൊട്ടിത്തെറി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. യുവവേതൃത്വത്തില്‍നിന്ന് വി.ടി.ബല്‍റാമാണ് എംഎല്‍എയാണ് അദ്യം നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുന്നോട്ടുവന്നത്. ഇതിനുപിന്നാലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഷാഫി പറമ്പില്‍
എംഎല്‍എയും രംഗത്തെത്തിയിരിക്കുകയാണ്. സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ലെന്നു കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണമെന്നും നേതാക്കള്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോവരുതെന്നുമാണ് ഷാഫി തുറന്നടിച്ചത്. ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാന്‍ പി.ജെ.കുര്യന്‍ തയാറാകണമെന്നാണ് ഷാഫിയുടെ ആവശ്യം.
യുവത്വത്തിന്റെ പ്രസരിപ്പില്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ നേതാക്കള്‍ മറക്കരുത്. നിങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നും. എടുക്കേണ്ട തീരുമാനങ്ങള്‍ സമയത്തെടുക്കണം. ആരെയും പിണക്കാത്ത ബാലന്‍സിംഗ് അല്ല പ്രതിസന്ധികളില്‍ പാര്‍ട്ടിക്ക് ആവശ്യമെന്നും, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആര്‍ജവവും കരുത്തുമാണ്. ചില കാര്യങ്ങളോടും, ചിലരോടും, ചിലപ്പോഴെങ്കിലും അവനവനോടും പറയാനുള്ള ശേഷിയുണ്ടാകണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാലം മാത്രമല്ല ഭാവിയും കൂടി ആശങ്കയിലാവുകയാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
2005 മുതല്‍ പി.ജെ.കുര്യന്‍ രാജ്യസഭയിലുണ്ട്. അദ്ദേഹത്തിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിക്കുവാന്‍ അദ്ദേഹം തയ്യാറാവണം. ചെറുപ്പക്കാരന് കൊടുക്കണമെന്ന നിര്‍ബന്ധ ബുദ്ധിയല്ല, എന്നാല്‍ ഒരു പുതുമുഖത്തെയെങ്കിലും പരിഗണിക്കണമെന്ന അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ഷാഫി പറഞ്ഞു.
https://www.facebook.com/Malayalivartha




















