പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ലിവിംഗ് ടുഗെദര്‍ ബന്ധത്തില്‍ കഴിയുന്നതിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി കെവിന്റെ കൊലപാതക സാഹചര്യത്തില്‍ വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്നത്; ജാണ്‍ ചേന്നക്കാട്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

പതിനെട്ടുവയസു കഴിഞ്ഞ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ചു കഴിയുന്നത് അനുവദിച്ചു കൊണ്ടുള്ള നിര്‍ണായക ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രണയിച്ച് പോയ തെറ്റിന് കെവിനെന്ന തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ഈ സാഹചര്യത്തില്‍ നിയമപരമായ വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് കോടതിവിധിയെന്ന് ചൂണ്ടിക്കാട്ടിയ ഡോ. സിജെ ജോണ്‍ ചേന്നക്കാട്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
18കാരനായ യുവാവിനൊപ്പം പോയ 19കാരിയായ മകളെ ലഭിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്.
ജോണിന്റെ പോസ്റ്റ് പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ് . ഇത്തരം കേസുകളില്‍ നിയമപരമായ വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുക്കാനേ കോടതിക്ക് നിര്‍വാഹമുള്ളൂവെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. കോടതിക്ക് മറ്റുവഴികളില്ലാത്തതു കൊണ്ടാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ലിവിംഗ് ടുഗെദര്‍ രീതിയിലെങ്കിലും സ്വയം ആശ്രയിച്ചും പണിയെടുത്തും ജീവിതം എന്തെന്നു പഠിക്കട്ടെ എന്നാണ് ജോണ്‍ പറയുന്നത്. കുടുംബക്കാര്‍ കൊല്ലാനൊന്നും പോണ്ടെന്നും ഇത്തരം സാഹചര്യങ്ങളിലെ സമൂഹത്തിന്റെ ഇടപെടല്‍ ഇതായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കൂടാതെ നിയമപരമായ സാധുതയും മാനസിക മായ പക്വതയും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് അദ്ദേഹം പറയുന്നുണ്ട്. വീട്ടില്‍ നിന്ന് ചെലവിനു കാശു വാങ്ങാതെ പാശ്ചാത്യ നാടുകളിലേതു പോലെ സ്വന്തമായി ജീവിതം പുലര്‍ത്താനുള്ള തന്റേടം ഉണ്ടെങ്കില്‍ ലിവിംഗ് ടുഗെദര്‍ കൊള്ളാമെന്ന് അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ അതല്ല നമ്മുടെ നാട്ടിലെ രീതിയെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്.
പരമ്പരാഗത ചിന്തകളുടെ പിടിയില്‍ നിന്നും മുക്തമായിട്ടില്ലാത്ത ഒരു പഴഞ്ചന്‍ സമൂഹത്തിലെ പതിനെട്ടുകാര്‍ക്ക് ഇത്തരം വഴികള്‍ തുറന്നു കിട്ടുമ്പോള്‍ അത് എന്തിനൊക്കെയുള്ള ആയുധമാകുമെന്നും അവരെ ആരൊക്കെ ആയുധമാക്കുമെന്നും കാത്തിരുന്നു കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
കോടതിയുടെ നിരീക്ഷണം ഇങ്ങനെ:-
വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് സമൂഹത്തില്‍ പ്രചാരത്തിലുള്ള കാര്യമാണെന്നും അതിനെതിരെ കണ്ണടക്കാന്‍ സാധിക്കില്ലെന്നും നിരീക്ഷിച്ച കോടതി ഹേബിയസ് കോര്‍പ്പസ് നല്‍കി രക്ഷിതാക്കള്‍ പ്രണയിതാക്കളെ വേര്‍പെടുത്താന്‍ ശ്രമിക്കരുതെന്നും വ്യക്തമാക്കി. കൂട്ടുകാരനൊപ്പം ഒന്നിച്ച് ജീവിക്കണോ അതല്ലെങ്കില്‍ വിവാഹപ്രായം പൂര്‍ത്തിയായതിന് ശേഷം വിവാഹിതരാകണോ എന്ന് പെണ്‍കുട്ടിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha




















