ഒന്നാംക്ലാസില്‍ ചേര്‍ക്കേണ്ട പ്രായം ആറെന്ന് കേന്ദ്രവും അഞ്ചെന്ന് കേരളവും...

ഒന്നാം ക്ലാസില്‍ കുട്ടിയെ ചേര്‍ക്കേണ്ട പ്രായം ആറെന്ന് കേന്ദ്രവും അഞ്ചെന്ന് കേരളവും. സംസ്ഥാനത്ത് രണ്ടു പ്രായത്തിലും കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നുമുണ്ട്. ഇതില്‍ത്തന്നെ ആറു വയസ്സില്‍ ചേര്‍ക്കുന്ന പ്രവണത കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ കൂടിവരുന്നുണ്ട്. കേരള എജുക്കേഷന്‍ റൂള്‍സ് (കെ.ഇ.ആര്‍.) പ്രകാരമാണ് കേരളത്തില്‍ അഞ്ചുവയസ്സ് എന്ന നിബന്ധന നിലവിലുള്ളത്.
ജൂണ്‍ ഒന്നിന് അഞ്ച് വയസ്സ് തികഞ്ഞ കുട്ടിയെ ഒന്നില്‍ ചേര്‍ക്കാം. ആറുമാസം വരെ ഇളവുകൊടുക്കാം. നാലരവയസ്സുള്ള കുട്ടിയാണെങ്കില്‍ എ.ഇ.ഒ.യ്ക്ക് ഇളവു നല്‍കാം. എന്നാല്‍, ദേശീയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസില്‍ ചേരേണ്ട പ്രായം ആറുവയസ്സാണ്. ആറു മുതല്‍ 14 വരെ സൗജന്യ വിദ്യാഭ്യാസം കൊടുക്കണമെന്നാണ് ദേശീയ നിയമം പറയുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് ചട്ടങ്ങള്‍ രൂപവത്കരിക്കാം. അതത് സംസ്ഥാനങ്ങളുടെ സാഹചര്യത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താം.
പക്ഷേ, പൂര്‍ണമായി വ്യതിചലിക്കാന്‍ പാടില്ല. ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പേയുള്ളതാണ് കെ.ഇ.ആര്‍. അവകാശ നിയമം വന്നശേഷം ഒന്നാം ക്ലാസ് പ്രായത്തില്‍ കേരളം മാറ്റം വരുത്തിയില്ല. എന്നാല്‍, കേന്ദ്രനിയമം പാലിക്കാന്‍ വേണ്ടിയല്ല സംസ്ഥാനത്ത് ആറാം വയസ്സില്‍ രക്ഷിതാക്കള്‍ കുട്ടിയെ ഒന്നില്‍ ചേര്‍ക്കുന്നത്. മൂന്നാം വയസ്സില്‍ അങ്കണവാടി അല്ലെങ്കില്‍ പ്ലേ സ്‌കൂള്‍. നാലാം വയസ്സില്‍ എല്‍.കെ.ജി. അഞ്ചാം വയസ്സില്‍ യു.കെ.ജി. ഇതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഒന്നാം ക്ലാസില്‍ വരുമ്‌ബോഴേക്കും കുട്ടിക്ക് ആറുവയസ്സ് കഴിഞ്ഞിരിക്കും.
ഇപ്പോള്‍ സ്‌കൂള്‍ പ്രവേശനത്തിന് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതാണ് ആറാം വയസ്സില്‍ കുട്ടികള്‍ ചേരുന്നു എന്നതിന് തെളിവായത്. മുമ്പ് പ്രായം വ്യത്യാസപ്പെടുത്തി കുട്ടിയെ ചേര്‍ക്കുന്ന രീതിയുണ്ടായിരുന്നു. പ്രായം കുറഞ്ഞാലും കൂടിയാലും പ്രഥമാധ്യാപകന്‍ പറയുന്ന വയസ്സാണ് രജിസ്റ്ററില്‍ വന്നിരുന്നത്.
കളികളിലൂടെ വളര്‍ന്നുവരുന്ന ഒരു കുട്ടി, പഠനം എന്ന മറ്റൊരു കളിയിലേക്ക് കടക്കലാണ് ഒന്നാം ക്ലാസ് പ്രവേശനം. അഞ്ചാം വയസ്സ് എന്ന് നിബന്ധനെവച്ചിട്ടുണ്ടെങ്കിലും അത് കര്‍ക്കശമല്ല. പഠനം എന്തോ വലിയ കാര്യമാണെന്ന ചിന്ത രക്ഷിതാക്കള്‍ മാറ്റണം. കുട്ടി കളിച്ചു വന്നതിന്റെ തുടര്‍ച്ചയായി പഠനത്തെ കണ്ടാല്‍ മതി
ഇപ്പോഴത്തെ കുട്ടികള്‍ അഞ്ചാം വയസ്സില്‍ തന്നെ ഗ്രഹണ ശേഷിയുള്ളവരാണ്. എഴുതാനും വായിക്കാനും സജ്ജരാണ് അവര്‍.
https://www.facebook.com/Malayalivartha





















