ആശുപത്രിയിൽ നിന്നും ആരുമറിയാതെ ചോരക്കുഞ്ഞുമായി മുങ്ങി; ചുംബനം നൽകി പള്ളിയിൽ ഉപേക്ഷിക്കാൻ തീരുമാനമെടുത്തത് അച്ഛൻ: കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതിന് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ...

കൊച്ചിയിൽ പിഞ്ചു കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത് പിതാവ് ബിറ്റോ. തൃശൂർ സ്വദേശികളായ ദമ്പതികളാണ് എറണാകുളം ഇടപ്പള്ളി പള്ളിയിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത്. ഹിന്ദു- ക്രിസ്ത്യൻ മിശ്രവിവാഹത്തിൽ തുടങ്ങിയ പ്രശ്നങ്ങൾ ബിറ്റോയെയും പ്രവിതയെയും ക്രൂരരാക്കിയെന്ന റിപ്പോർട്ടുകളാണ് പൊലീസിൽ നിന്നും ലഭിക്കുന്നത്. ഒൻപതു വർഷം മുൻപാണ് ക്രിസ്ത്യാനിയായ ബിറ്റോയും ഹിന്ദു മതത്തിൽപെട്ട പ്രവിതയും സ്നേഹിച്ചു വിവാഹം കഴിക്കുന്നത്. വിവാഹത്തിനു പിന്നാലെ തന്നെ സമൂഹത്തിൽ നിന്നും ബിറ്റോയ്ക്കും പ്രവിതയ്ക്കും ഏറെ വേദനകൾ നേരിടേണ്ടി വന്നിരുന്നു.
ആദ്യ കുട്ടി ജനിക്കുമ്പോൾ മുതൽ മതം, ജാതി തിരിച്ചുള്ള വർത്തമാനങ്ങളും നിരവധിയായിരുന്നു വത്രേ. ആദ്യ മൂന്നു കുട്ടികൾക്ക് ജൻമം നൽകുമ്പോഴും ബിറ്റോ- പ്രവിത ദമ്പതികൾ സന്തോഷത്തിലായിരുന്നില്ലെന്ന് ഇരുവരും പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. മക്കളെ പോലും കുത്തുവാക്കുകളുമായി ഉപദ്രവിക്കുന്ന ബന്ധുക്കളും നാട്ടുകാരുമാണ് തന്‍റെ നാലാവത്തെ കുട്ടിയെ ഉപേക്ഷിക്കാൻ ബിറ്റോയെ പ്രേരിപ്പിച്ചത്. ഭാര്യ ഗർഭിണിയായതറിഞ്ഞ ബിറ്റോ മാനസിക സമ്മർദത്തിലായിരുന്നു.
പിന്നീട് ഇരുവരും ഒരുമിച്ച് കുട്ടിയെ ഉപേക്ഷിക്കാനായി തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത് ബിറ്റോയായിരുന്നു. പ്രവിതയെ വിവാഹം ചെയ്യുന്നതിനു മുൻപ് തന്നെ ഇടപള്ളി പള്ളിയിലെത്തി ബിറ്റോ പ്രാർഥിക്കുന്നത് പതിവായിരുന്നു. ഈ വിശ്വാസമാണ് കുഞ്ഞിനെ ഇടപ്പള്ളി പള്ളിയിൽ തന്നെ ഉപേക്ഷിക്കാൻ ബിറ്റോയെ പ്രേരിപ്പിച്ചത്. പ്രവിതയും സമ്മതിച്ചതോടെ പ്രസവത്തിനു മുൻപേ കുട്ടിയെ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ജൂൺ ഒന്നിനു പുലർച്ചെ 3.30നു പ്രസവിച്ച പ്രവിത ആശുപത്രി ജീവനക്കാർ പോലും അറിയാതെ കുഞ്ഞുമായി ആശുപത്രിയിൽ നിന്നും കടക്കുകയായിരുന്നു. നേരം പുലരും മുൻപ് ആശുപത്രിയിൽ തിരിച്ചെത്താൻ ലക്ഷ്യമിട്ടായിരുന്നു എറണാകുളത്തേക്ക് ട്രെയിൻ കയറിയത്. ഇളയ മകനും ഒപ്പമുണ്ടായിരുന്നു. കുഞ്ഞിനെ ചൈൽഡ് ലൈന് കൈമാറിയിട്ടുണ്ട്. കോടതി തീരുമാന പ്രകാരം മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ വടക്കാഞ്ചേരിയിലെത്തിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പള്ളിയിലെത്തിയ ദമ്പതികൾ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. ഇവിടുത്തെ സെക്യൂരിട്ടി ജീവനക്കാരനാണ് പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്. ഉടൻ തന്നെ പള്ളിവികാരിയെ വിവരം അറിച്ചു. പള്ളിവികാരിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിക്കുന്നത്.
പൊലീസ് പാരിഷ് ഹാളിലെത്തി സി.സി.ടി.വി ക്യാമറ പരിശോധിച്ചു. അപ്പോഴാണ് ഒന്നിച്ചെത്തിയ യുവാവും യുവതിയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വ്യക്തമായത്. ഇവർക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും മറ്റൊരു കുട്ടിയുടെ കൈ പിടിച്ച് ജീൻസും ടീഷർട്ടുമണിഞ്ഞ ഒരു യുവാവും ഒന്നിച്ചു നടന്നു വരുന്നത് പള്ളിയ്ക്ക് മുന്നിലെ സി.സി.ടി.വി ക്യാമറയിലും പതിഞ്ഞിരുന്നു.
ഇതിന് ഏതാനും മിനിട്ടുകൾക്ക് ശേഷമാണ് ഇതേ യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം കുഞ്ഞിനെ തറയിൽ കിടത്തി വേഗത്തിൽ മറയുകയായിരുന്നു. കുഞ്ഞിനെ ചുംബിച്ചതിന് ശേഷമാണ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അതുകൊണ്ട് തന്നെ മാതാപിതാക്കളാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് കണക്കുകൂട്ടയിരുന്നു. കൊച്ചിയിലെ റെയിൽവേ സ്റ്റേഷനുകൾ, പ്രധാന ബസ് സ്റ്റാന്‍റുകൾ കേന്ദ്രീകരിച്ചാണ് അദ്യം പൊലീസ് അന്വേഷണം നടത്തിയത്. ദൃശ്യങ്ങൾ പള്ളിയിലെ സി.സി.ടി.വിയിൽ പതിഞ്ഞിതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
https://www.facebook.com/Malayalivartha





















