മുഖ്യമന്ത്രിയുടെ പത്മവ്യൂഹ സമാനമായ സുരക്ഷാകവചം അരോചകം ; ആംബുലന്‍സും ഫയര്‍ എന്‍ജിനും മുഖ്യമന്ത്രിക്കു പിന്നാലെ ഓടിക്കേണ്ടതില്ല ;മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍

മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ചില നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയ സെന്‍കുമാര്‍ പേരെടുത്തു പറയാതെ ചില പൊലീസ് ഒാഫീസര്‍മാര്‍ക്കെതിരെ നിശിത വിമര്‍ശനങ്ങളും ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെ പത്മവ്യൂഹ സമാനമായ സുരക്ഷാകവചം അരോചകമാണെന്ന് സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ആംബുലന്‍സും ഫയര്‍ എന്‍ജിനും മുഖ്യമന്ത്രിക്കു പിന്നാലെ ഓടിക്കേണ്ടതില്ല. അതിസുരക്ഷ ആപത്താണ്. ഇങ്ങനെ അതിസുരക്ഷ ഒരുക്കുന്ന പൊലീസ് ഉന്നതരെ സൂക്ഷിക്കണമെന്നും അടുത്തു നില്‍ക്കുന്നവരെയെല്ലാം മിത്രങ്ങളായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മുന്‍ ഡി.ജി.പിമാരുടെ യോഗത്തിലായിരുന്നു സെന്‍കുമാറിന്റെ ആരോപണം. യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി എഴുതി നല്‍കിയ കുറിപ്പിലാണ് അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
എസ്.ഐ മുതല്‍ ഡി.ജി.പി വരെയുളളവര്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. സ്റ്റേഷനുകളിലെ പൊലീസ് അസോസിയേഷന്‍ ഭരണം നിയന്ത്രിക്കണം. സ്റ്റേഷനുകളില്‍ കേസ് ഡയറികള്‍ തിരുത്തുകയാണ്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമിടയില്‍ ഉപദേശകനെ പോലെ മറ്റൊരു അധികാരകേന്ദ്രം വേണ്ട. മുഖ്യമന്ത്രിയെ ജനങ്ങളില്‍ നിന്ന് അകറ്റാനാണ് ചുറ്റുമുള്ള ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ഐ.പി.എസിലെ അഴിമതിക്കാരെ പ്രധാന സ്ഥലങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















