നീനുവിന്റെ അമ്മ രഹ്ന ഒളിവില്‍ പോയത് എവിടേക്ക്; ഒരു സൂചനയും ലഭിക്കാതെ പോലീസ്; മുന്‍കൂര്‍ ജാമ്യം നേടുന്നതിന് മുമ്പേ പിടികൂടാന്‍ പൊലീസിന്റെ ശ്രമം നടക്കുമോ

കെവിന്‍ കൊലപാതകക്കേസില്‍ പ്രതികളിലൊരാളും ഗൂഡാലോചക്കുറ്റം ചുമത്തപ്പെട്ട നീനുവിന്റെ മാതാവ് രഹ്നയെവിടെയെന്നറിയാതെ നട്ടംതിരിയുകയാണ് കേരളാ പോലീസ്. ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ സാധ്യതയുള്ളതിനാല്‍ ഏതുവിധേനയും ജാമ്യം നേടുന്നതിനു മുമ്പ് ഇവരെ പിടിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. രഹ്ന ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് വ്യക്തമാണ്. കേസിലെ മുഖ്യപ്രതിയായ സാനുവും ചാക്കോയും സംഭവം നടന്നതിനു പിന്നാലെ രഹ്നയെ ഭദ്രമായ സ്ഥലത്തെത്തിച്ചുവെന്നാണു പൊലീസിന്റെ നിഗമനം. തെന്‍മലയിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ചയാണു രഹ്നയെ അവസാനമായി കണ്ടതെന്നാണ് വിവരം.
രഹ്ന നിരീക്ഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐജി വിജയ് സാക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ രഹ്ന പ്രതിയാണോയെന്നു പൊലീസ് ഇതുവരെ വ്യക്തമായിട്ടില്ല. അതിനിടെ, കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ അറിയിച്ചുവെന്ന കേസിലെ രണ്ടാം പ്രതി നിയാസിന്റെ മൊഴി നീനു തള്ളി. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞതു പൊലീസ് സ്‌റ്റേഷനിലെത്തിയശേഷമെന്നും നീനു മൊഴി നല്‍കി. നീനു വിളിച്ചപ്പോള്‍ കെവിന്‍ രക്ഷപ്പെട്ട വിവരം അറിയിച്ചുവെന്നാണു നിയാസ് അന്വേഷണ സംഘത്തോടു പറഞ്ഞത്.
പൊലീസ് സ്‌റ്റേഷനിലെത്തിയശേഷം അനീഷിന്റെ ഫോണില്‍നിന്നാണു നീനു നിയാസിനെ വിളിച്ചത്. വീട്ടിലേക്കു മടങ്ങാന്‍ തയാറാണെന്നും കെവിനെ വിട്ടയക്കണമെന്നും അനീഷിന്റെ നിര്‍ദേശപ്രകാരം നീനു നിയാസിനെ അറിയിച്ചു. എന്നാല്‍ ലാഘവത്തോടെയാണു നിയാസ് മറുപടി നല്‍കിയതെന്നും നീനു മൊഴി നല്‍കി. കെവിന്റേതു ദുരഭിമാനക്കൊലയാണെന്നും നീനു മൊഴി നല്‍കിയിട്ടുണ്ട്. കെവിന്റെ സാമ്പത്തിക ചുറ്റുപാടും ജാതിയുമാണ് എതിര്‍പ്പിനു കാരണമായതെന്നും കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു മൊഴി.
അതേസമയം കെവിനെ വധിക്കുന്നതിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിച്ച നാല് വാളുകളാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കേസില്‍ പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് വാളുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്.
അതേസമയം, കെവിന്റെത് കൊലപാതകമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ .ജി വിജയ് സാഖറെ പറഞ്ഞു. തെളിവെടുപ്പിനായി പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ചപ്പോഴായിരുന്നു ഐ.ജിയുടെ പ്രതികരണം. ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നതെന്നും സാഖറെ പറഞ്ഞു.
പ്രതികളെ ചാലിയേക്കരയില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. നാല് പ്രതികളെയാണ് തെളിവെടുപ്പിന് കൊണ്ടു വന്നത്. ഒരാളെ കെവിന്റെ മൃതദേഹം കണ്ടെത്തിയ തോട്ടിലിറക്കിയും തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനായി കേസ് അന്വേഷണത്തിന്റെ ഭാഗമായി സംഭവം പുരനാവിഷ്‌കരിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, കെവിനെ റോഡില്‍ നിന്ന് താഴേക്ക് തള്ളിയിട്ടെന്ന് പ്രതികളായ നിയാസും റിയാസും പറഞ്ഞു. കെവിന്‍ അവശനായിരുന്നുവെന്നും ഉരുണ്ട് താഴേക്ക് പോയെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha























