നിപ ഭീതിയില്‍ കുടുങ്ങി ഒരുകുടുംബം... നിപ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടും കേരളത്തില്‍ ജോലി ചെയ്ത യുവാവിനെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നു, ബസിലും ഓട്ടോയിലും കയറാനും അനുവദിക്കുന്നില്ല

കേരളത്തില്‍ ജോലി ചെയ്തതിന് ശേഷം സ്വന്തം നട്ടിലേക്ക് തിരിച്ചെത്തിയ യുവാവ് നേരിടുന്നത് കടുത്ത അവഗണനയാണ്. കന്നഡയിലെ യുവാവിനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. നിപ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടും യുവാവിനെയും കുടുംബത്തെയും നിപ വൈറസ് ഭീതിയുടെ പേരില്‍ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നു.
ഗദഗ് സ്വദേശിയായ ഗംഗാധര്‍ ബാദിഗെറിനും കുടുംബത്തിനുമാണ് അവഗണന നേരിടുന്നത്. കോഴിക്കോട്ട് ട്രാക്ടര്‍ ഡ്രൈവറായ ഗംഗാധറിന് നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പനി പിടിപെട്ടിരുന്നു. നിപ വൈറസാണെന്ന സംശയത്തെത്തുടര്‍ന്ന് ശരീരസ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇതല്ലെന്ന് തെളിഞ്ഞു.
മേയ് 21നാണ് ഗംഗാധര്‍ കേരളത്തില്‍നിന്ന് തിരിച്ചെത്തിയത്. ആശുപത്രിയില്‍ മറ്റു രോഗികള്‍ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നെന്ന് ഗംഗാധര്‍ പറഞ്ഞു. ജീവനക്കാര്‍ നല്ല രീതിയില്‍ പെരുമാറിയെങ്കിലും രോഗികളുടെ പൊതുശൗചാലയവും കാന്റീനും ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയിട്ടും നാട്ടുകാരുടെ ഒറ്റപ്പെടുത്തല്‍ തുടരുകയാണെന്നും ഗംഗാധര്‍ പറഞ്ഞു.
പനി വന്നതിനുശേഷം വീട്ടില്‍ ആരും വരാറില്ലെന്നും വീടിന് പുറത്തിറങ്ങിയാല്‍ ഭര്‍ത്താവ് മരിച്ചോ എന്നാണ് ആളുകള്‍ക്ക് അറിയേണ്ടതെന്നും ഗംഗാധറിന്റെ ഭാര്യ ശാരദ പറയുന്നു. മരിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരരുതെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ബസിലും ഓട്ടോയിലും കയറാനും അനുവദിക്കുന്നില്ല. പൂര്‍ണമായും സുഖം പ്രാപിച്ചിട്ടും നാട്ടുകാരുടെ അവഗണനയില്‍ വിഷമിക്കുകയാണ് ഗംഗാധറും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം.
https://www.facebook.com/Malayalivartha





















