വേറിട്ടവഴിയിലൂടെ കൂടുതല്‍ തെളിവുതേടി അന്വേഷണസംഘത്തിന്റെ നീക്കം.. സിനിമ സ്റ്റൈല്‍ തെളിവെടുപ്പിൽ കേസിൽ നിർണായകമാകുന്ന 27 തൊണ്ടി മുതലുകൾ; പ്രതികൾ പിന്നിട്ട അതെ വഴി അതെ സമയം അന്വേഷണ സംഘവും പിന്നിട്ടു

കെവിന്‍ കൊലക്കേസില്‍ പ്രതികളുടെ പങ്കിനെ കൂടുതല്‍ തെളിവുതേടി അന്വേഷണസംഘത്തിന്റെ വേറിട്ടവഴി. കൊലക്കേസില്‍ പ്രതികളുടെ പങ്കിന് കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ പുനരാവിഷ്‌കരിക്കുന്ന മാര്‍ഗമാണ് പൊലീസ് സ്വീകരിച്ചത്. കഴിഞ്ഞ 27 നു നടന്ന സംഭവങ്ങൾ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പൊലീസ് പുനരവതരിപ്പിക്കുകയായിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോയ മാന്നാനത്തെ വീട്ടിൽ, രാത്രി ഒന്നരയോടെയാണ് പൊലീസ് തെളിവെടുപ്പിനായി എത്തിയത്.
പൊലീസിനോടൊപ്പം പ്രതികളാരും ഉണ്ടായിരുന്നില്ല. അക്രമം നടക്കുമ്പോൾ ഷാനുവും, സസ്പെഷൻഷനിലായ എ.എസ്.ഐ ബിജുവും, ഡ്രൈവർ സി.പി.ഒ അജയകുമാറും വീടിനു മീറ്ററുകൾ അകലെ കുട്ടോമ്പുറത്തുണ്ടായിരുന്നു. അക്രമ സംഭവങ്ങളുടെ ശബ്ദം ഈ റോഡിൽ നിന്നാൽ കേൾക്കാനാവുമോയെന്നും പരിശോധിച്ചു. , ശബ്ദങ്ങളൊന്നും കേൾക്കില്ലെന്നു വ്യക്തമായി.
തുടർന്ന്, പൊലീസ് സംഘം പ്രതികളായ നിയാസ്, ഫസൽ, നിഷാദ്, വിഷ്ണു എന്നിവരുമായി തെന്മലയ്ക്ക് തിരിച്ചു. മൃതദേഹം കിടന്ന സ്ഥലം കാട്ടിക്കൊടുത്ത നിയാസിനെ മാത്രമാണ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്. സംഭവത്തിനു ശേഷം ഇവർ ഒത്തുകൂടിയ തട്ടുകടയിലും തെളിവെടുത്തു. ഓരോ സ്ഥലവും പ്രതികൾ പിന്നിട്ട അതേ സമയത്തു തന്നെയാണ് അന്വേഷണ സംഘവും പിന്നിട്ടത്.
ഇടയ്ക്കു പ്രതികളുടെ സംസാരവും, ഫോൺവിളികളും പകർത്തി. കേസിൽ നിർണായകമായേക്കാവുന്ന 27 തൊണ്ടി മുതലുകളും പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളും കണ്ടെടുത്തു. 13 പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. വീണ്ടും കസ്റ്റഡിയിൽ വിട്ടു കിട്ടാൻ ഇന്ന് അപേക്ഷ നൽകിയേക്കും.
https://www.facebook.com/Malayalivartha






















