കെവിന്റെ ഭാര്യ നീനുവില്‍ നിന്ന് അസമയത്തു മൊഴിയെടുത്തതില്‍ ആക്ഷേപങ്ങള്‍ ഉയരുന്നു; രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ ഒന്നരവരെ അഞ്ചര മണിക്കൂറിലേറെ മൊഴിയെടുപ്പ് നീണ്ടു: ജന, മാധ്യമശ്രദ്ധ ഉണ്ടാകാതിരിക്കാനാണെന്ന് പോലീസ്

കെവിന്‍ പി. ജോസഫ് കൊല്ലപ്പെട്ട കേസിലെ മൊഴിയെടുപ്പിനേച്ചൊല്ലി പുതിയ വിവാദം. കെവിന്റെ ഭാര്യ നീനുവില്‍നിന്ന് അസമയത്തു മൊഴിയെടുത്തതാണ് ആക്ഷേപങ്ങള്‍ക്കു വഴിതുറന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരവരെ കെവിന്റെ നട്ടാശേരിയിലെ വീട്ടിലെത്തി പോലീസ് നീനുവിന്റെ മൊഴി രേഖപ്പെടുത്തിയതാണു വിവാദമായത്. ജന, മാധ്യമശ്രദ്ധയുണ്ടാകാതിരിക്കാനാണു വീട്ടുകാരുടെ അനുവാദത്തോടെ ഈ സമയം മൊഴി രേഖപ്പെടുത്തിയതെന്നാണു പോലീസ് വാദം.
അഞ്ചര മണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പില്‍ ബാല്യകാല്യം മുതലുള്ള കാര്യങ്ങളും കെവിനെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക അന്തരവും ജാതിയിലെ വ്യത്യാസവുമാണു സ്വന്തം വീട്ടുകാരെ പ്രകോപിപ്പിച്ചതെന്നു 34 പേജുള്ള മൊഴിയില്‍ നീനു പറയുന്നു.
ഇതിനിടെ കെവിന്‍ വധക്കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് അന്വേഷണ സംഘത്തലവന്‍ ഐ.ജി: വിജയ് സാഖറെ. കൃത്യവിലോപം മാത്രമാണു പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത്. കൊലപാതകത്തിലോ ഗൂഢാലോചനയിലോ പോലീസുകാര്‍ക്കു പങ്കില്ലെന്നും ഐ.ജി. കോട്ടയത്തു പറഞ്ഞു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അലംഭാവമാണു കെവിന്റെ മരണത്തിലേക്കു നയിച്ചതെന്നു ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.
മാത്രമല്ല, പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എ.എസ്.ഐ. ടി.എം. ബിജുവും സിവില്‍ പോലീസ് ഓഫീസര്‍ അജയ്കുമാറും അറസ്റ്റിലുമായിരുന്നു.
കെവിനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്.ഐ: എം.എസ്. ഷിബു, എ.എസ്.ഐ. സണ്ണിമോന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണു പോലീസുകാരെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടുള്ള ഐ.ജിയുടെ പ്രസ്താവന.
https://www.facebook.com/Malayalivartha






















