തടവുകാര്‍ക്ക് അവയവദാനത്തിന് അനുമതി നല്‍കിയതിന് പിന്നാലെ അവയവദാനത്തെ കുറിച്ച് ബോധവത്കരണ ക്ലാസുകളും

തടവുകാര്‍ക്ക് അവയവദാനത്തിന് അനുമതി നല്‍കിയതിന് പിന്നാലെ അവയവദാനത്തെ കുറിച്ച് ബോധവത്കരണവും. തടവുകാര്‍ ജയിലുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വീണ്ടും കുറ്റവാളികളാകാതെ സമൂഹവുമായി ചേര്‍ന്ന് ജീവിക്കാനുള്ള പദ്ധതികള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ജയിലുകളില്‍ അവയവദാനത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മതപരിവര്‍ത്തനത്തിന് കാരണമാകുന്നു എന്ന പരാതി മൂലം നിലച്ച മുമ്പ് ഉണ്ടായിരുന്ന ആത്മീയ പ്രഭാഷണത്തിന് പകരമാണിത്. 2014ലെ ജയിലുകളും സാന്മാര്‍ഗീകരണ സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് ജനുവരിയില്‍ തടവുകാരുടെ അവയവദാനത്തിന് തീരുമാനമെടുത്തത്. അതിന്റെ തുടര്‍ച്ചയായി കുന്നംകുളം ആര്യലോക് അതീന്ദ്രിയ ഗുരുകുല ആശ്രമം അധിപതിയും അവയവദാനത്തിലൂടെ ശ്രദ്ധേയനുമായ ഡോ. ശ്രീ ആര്യമഹര്‍ഷി അവയവദാനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച് സര്‍ക്കാറിന് എഴുതിയ കത്താണ് ബോധവത്കരണ പരിപാടിക്ക് നിമിത്തമായത്.
ആഭ്യന്തരവകുപ്പ് കത്ത് ജയില്‍ ഡി.ജി.പിക്ക് കൈമാറി. ജയിലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധത്തില്‍ ബോധവത്കരണം ആരംഭിക്കാന്‍ നിര്‍ദേശിച്ച് ജയില്‍ ഡി.ജി.പി ജയില്‍ സൂപ്രണ്ട്മാര്‍ക്ക് ഉത്തരവ് നല്‍കി. ഷെഡ്യൂള്‍ തയ്യാറാക്കി ഉടന്‍ ക്ലാസുകള്‍ തുടങ്ങും. അവയവദാന മഹിമയെ കുറിച്ചും ആവശ്യകതയെ കുറിച്ചുമാണ് ക്ലാസ്.
സാക്ഷരത ക്ലാസ് മുതല്‍ തൊഴില്‍ പരിശീലനംവരെയും, ജൈവ പച്ചക്കറികൃഷിയും മത്സ്യകൃഷിയും ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുമൊക്കെയായി ജയിലുകളുടെ അന്തരീക്ഷം പാടേ മാറിക്കൊണ്ടിരിക്കെയാണ് അവയവദാന ബോധവത്കരണ പദ്ധതി.
കൊടുംക്രിമനല്‍ സംഘങ്ങള്‍ ജയിലുകള്‍ അടക്കി ഭരിക്കുന്നുവെന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ക്കിടയിലും മാനസിക പരിവര്‍ത്തനത്തിലും തൊഴില്‍ വരുമാനത്തിലും സാമൂഹിക ഇടപെടലിലുമൊക്കെയായി മാറ്റത്തിലാണ് ജയിലുകള്‍.
https://www.facebook.com/Malayalivartha






















