സജി ചെറിയാനെ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച പള്ളിക്കാരും പട്ടക്കാരും പി ജെ കുര്യനെ രാജ്യസഭയിലെത്തിക്കാൻ നീക്കം തുടങ്ങി... മകന് യോജിപ്പിലെങ്കിലും സോണിയാ ഗാന്ധിയുടെ സമ്മർദ്ദം ഹൈക്കമാന്റിന്റെ ശാസനാ രൂപത്തിൽ വരാൻ സാധ്യത

ചെങ്ങന്നൂരിൽ ഒത്തൊരുമയോടെ നിന്ന് സി പി എം സ്ഥാനാർത്ഥി സജി ചെറിയാനെ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച പള്ളിക്കാരും പട്ടക്കാരും പി ജെ കുര്യനെ രാജ്യസഭയിലെത്തിക്കാൻ സോണിയാ ഗാന്ധിയിൽ മേൽ സമ്മർദ്ദം തുടങ്ങി. രാഹുൽ ഗാന്ധിക്ക് ഇതിനോട് യോജിപ്പില്ലെങ്കിലും അമ്മയുടെ സമ്മർദ്ദം ഹൈക്കമാന്റിന്റെ ശാസനാ രൂപത്തിൽ വരാനാണ് സാധ്യത.
ഹൈബി ഈഡൻ, റോജി ജോൺ തുടങ്ങി പള്ളിക്കാരുടെ ആശീർവാദത്തോടെ ജയിച്ച എംഎൽഎമാരെ സഭ ഇതിനകം കണ്ണുരുട്ടാൻ തുടങ്ങി കഴിഞ്ഞു. മര്യാദക്ക് നിന്നില്ലെങ്കിൽ യുവതുർക്കികളുടെ മണ്ഡലത്തിൽ ചെങ്ങന്നൂർ ആവർത്തിക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. ഇത് വകവയ്ക്കാതിരിക്കാനുള്ള ശക്തി യുവതുർക്കികൾക്കുണ്ടെങ്കിൽ കുര്യൻ കിണ്ടിയും വെള്ളവുമായി തിരുവല്ലയിൽ കുത്തിയിരിക്കത്തേയുള്ളു, ഇക്കാര്യം മുൻകൂട്ടി കണ്ട് കെ.വി.തോമസ് രംഗത്തിറങ്ങി കഴിഞ്ഞു. കുര്യൻ ഫിനോമിന ആവർത്തിക്കുകയാണെങ്കിൽ തനിക്ക് എറണാകുളം സീറ്റ് അടുത്ത തെരഞ്ഞടുപ്പിൽ നഷ്ടപ്പെടുമെന്ന് തോമസ് മാഷിനറിയാം.
പി പി തങ്കച്ചൻ ചാരുകസേരയിൽ കിടന്നു കൊണ്ട് തനിക്കൊരു കുഴപ്പവുമില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തങ്കച്ചനെ പക്ഷേ പിന്തുണയ്ക്കാൻ പള്ളിക്കാർ രംഗത്തില്ല. കാരണം തങ്കച്ചനെ കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി ഉള്ളിടത്തോളം കാലം പള്ളിക്കാർക്ക് പേടിക്കേണ്ട. ഒപ്പം കെ എം മാണിയുമുണ്ട്. അതു കൊണ്ടു തന്നെ കേരളത്തിൽ അവർക്ക് ആരെയും പേടിക്കില്ല.
കേന്ദ്രത്തിൽ പി ജെ കുര്യനെ പോലെ ഒരാളില്ലെങ്കിൽ പലതും നടക്കില്ല. പ്രണബ് മുഖർജിയുടെ കാര്യം പറയുന്നതു പോലെയാണ് കുര്യന്റെ കാര്യവും. അദ്ദേഹം കോൺഗ്രസുകാരനാണെങ്കിലും നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ചില നിർണായക സഹായങ്ങൾ മോദിജിയുടെ സർക്കാരിന് നൽകിയിട്ടുമുണ്ട്. ഒരു ഘട്ടത്തിൽ കുര്യൻ ബി ജെ പിയിലേക്കോ എന്ന് ചർച്ച വരെ വന്നതാണ്. കുര്യനാണ് ക്രൈസ്തവ മതമേലധ്യക്ഷൻമാരുടെ വിശ്വസ്തൻ. അത് ഇന്നോ ഇന്നലെയോ തുടങ്ങിയില്ല. കുര്യന്റെ സഹായത്തിൽ നരേന്ദ്ര മോദിക്ക് തൃപ്തിയുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹം പറയുന്നതെല്ലാം സർക്കാർ അംഗീകരിക്കും.
കുര്യന് എങ്ങനെയെങ്കിലും രാജ്യസഭയിലെത്തണം. പത്തനംതിട്ടയിൽ നിന്ന് പാർലെമെന്റിൽ മത്സരിക്കാമെന്ന ചിന്ത അദ്ദേഹത്തിനില്ല. പ്രസ്തുത സീറ്റ് തനിക്ക് ലഭിക്കില്ലെന്ന് കുര്യനറിയാം. ഇത്രയും കാലം ഡെൽഹിയിൽ കോൺഗ്രസിനെ നയിച്ച തന്നെ അപമാനിക്കരുതെന്ന ആഗ്രഹം മാത്രമാണ് കുര്യനുള്ളത്. വിവാദങ്ങളുണ്ടായ ഉടൻ തന്നെ അദ്ദേഹം സോണിയയെ കണ്ട് ഇക്കാര്യം ധരിപ്പിച്ചിരുന്നു.
ഹൈക്കമാന്റ് തീരുമാനിക്കുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്ന അനിൽ അക്കര എംഎൽഎയുടെ ചാനൽ അഭിപ്രായത്തിൽ കോൺഗ്രസ് നേതാക്കളെല്ലാം അതൃപ്തരാണ്. നിസാര വോട്ടിന് എം എൽ എ ആയ ഒരാൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം. കോൺഗ്രസ് നേതാവ് കെ സുധാകരൻ തന്റെ നിലപാട് പരസ്യമാക്കി കഴിഞ്ഞു.
ഫെയ്സ് ബുക്കിലും വാട്ട്സ്ആപ്പിലും എഴുതുന്നത് പോലെ നിസാരമല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് കോൺഗ്രസിലെ യുവതുർക്കികൾ മനസിലാക്കുമെന്നു തന്നെയാണ് സീനിയർ നേതാക്കൾ പ്രതീക്ഷിക്കുന്നത്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ കോൺഗ്രസിന്റെ വഞ്ചി തിരുനക്കര തന്നെ നിൽക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha





















