ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധുക്കൾ; പുറകെ എട്ടിന്റെ പണിയും

ആലുവയിൽ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച യുവതിയെ രണ്ടു മാസത്തിനുശേഷം വീട്ടുകാരുടെ അറിവോടെ തട്ടിക്കൊണ്ടുപോയി നേരത്തേ കല്യാണം ഉറപ്പിച്ചയാള്‍ക്കു കൈമാറിയ സംഭവത്തില്‍ പിടിയിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. യുവതിയുടെ അമ്മായി ഉള്‍പ്പെടെ മൂന്നുപേരെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.
പരാതി കിട്ടിയ ഉടന്‍ ആലുവ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ യുവതിയെ പ്രതികളുടെ പക്കല്‍നിന്നു രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നത്. എടത്തല ശാന്തിഗിരി ആശ്രമത്തിനു സമീപം കീരേലിമന മുജീബിന്റെ ഭാര്യ മുഹ്‌സിനയെ (20) ആണ് ജില്ലാ ആശുപത്രിയിലേക്കു തന്ത്രപരമായി വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയത്.
സംഭവത്തില്‍ എടത്തല പേങ്ങാട്ടുശേരി സെയ്തുകുടി വീട്ടില്‍ മുക്താര്‍ (22), സുഹൃത്ത് കുഞ്ചാട്ടുകര മുതിരക്കാട്ടുമുകള്‍ പാലവിളയില്‍ തൗഫീഖ് (22), മുഹ്‌സിനയുടെ അമ്മായി വാഴക്കുളം എവിടി കമ്പനിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കിഴക്കേപ്പുര ഷിജി (35) എന്നിവരെയാണ് റിമാന്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രണ്ടു മാസം മുന്‍പ് വീട്ടുകാര്‍ പ്രതി മുക്താറുമായി മുഹ്‌സിനയുടെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ മുഹ്‌സിന മുജീബിനൊപ്പം സ്ഥലംവിട്ടു. യുവതിയെ കാണാതായെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇരുവരെയും കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. പിന്നീടു മുജീബും മുഹ്‌സിനയും റജിസ്റ്റര്‍ വിവാഹം നടത്തി.
മുജീബിന്റെ വീടിനടുത്തു മുഹ്‌സിനയുടെ വല്യുമ്മ സീനത്ത് ഇസ താമസിക്കുന്നുണ്ട്. ഇവര്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ വൈകിട്ട് അമ്മായി ഷിജി വല്യുമ്മയ്ക്കു കാണണമെന്നു പറഞ്ഞു ഫോണ്‍ ചെയ്തു മുഹ്‌സിനയെ ആശുപത്രിയിലേക്കു വരുത്തി. അവിടെ മുക്താറും തൗഫീഖും കാറുമായി കാത്തുനിന്നിരുന്നു.
മുഹ്‌സിന എത്തിയപ്പോള്‍ ഷിജി ബലം പ്രയോഗിച്ചു കാറിലേക്കു തള്ളിയിട്ടു കൊണ്ടുപോയി. മൂന്നരയോടെയായിരുന്നു സംഭവം. മുഹ്‌സിന ആശുപത്രിയിലെത്തിയതു മുജീബിന്റെ ജ്യേഷ്ഠന്‍ സുബൈറും ഭാര്യ ഷംനയുമൊത്തായിരുന്നു. ഇവര്‍ ഉടന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ സീനത്ത് ഇസ പൊലീസ് എത്തിയപ്പോഴേക്കും ഡിസ്ചാര്‍ജായി. പിന്നീടുള്ള രണ്ടു മണിക്കൂര്‍ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍, സിഐ വിശാല്‍ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് വിശ്രമമില്ലാത്ത തിരച്ചിലാണു നടത്തിയത്.
ഒടുവില്‍ അഞ്ചരയോടെ മുക്താറിനെ എടത്തലയില്‍ നിന്നു പിടികൂടി. ഒപ്പമുണ്ടായിരുന്ന മുഹ്‌സിനയെ രക്ഷപ്പെടുത്തി ഭര്‍ത്താവിനൊപ്പം അയച്ചു. യാത്രയ്ക്കിടെ കാറില്‍ നിന്നിറങ്ങിയിരുന്ന തൗഫീഖിനെയും ഷിജിയെയും വാഴക്കുളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. കാര്‍ കണ്ടെടുത്തു. ആലുവ, എടത്തല പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയാണു തൗഫീഖ്.
https://www.facebook.com/Malayalivartha





















